കോഴിക്കോട് : പ്ലസ്ടുകോഴ അഴിമതിയുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനിടെ കെ.എം.ഷാജി എംഎല്‍എക്കെതിരേ റിപ്പോര്‍ട്ടുമായി കോര്പറേഷന്.
ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് നഗരത്തിലെ വേങ്ങേരി വില്ലേജിലുള്ള വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടാണ് കോഴിക്കോട് കോര്പറേഷന് തയാറാക്കുന്നത്.
നാലു വര്‍ഷം മുമ്പ് ഷാജി നിര്‍മിച്ച വീടിന്റെ രേഖകള്‍ ഹാജരാക്കണമെന്നു കോര്‍പറേഷനോട് ഇഡി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ പരിശോധിച്ചെങ്കിലും വീട് നിര്‍മാണം പൂര്‍ണമായത് സംബന്ധിച്ച രേഖകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്നാണ് കോര്പറേഷന് അധികൃതര്‍ വീട്ടിലെത്തി വീട് അളന്നത്.
കോര്പറേഷന് അനുമതി നല്കിയതിനേക്കാള് കൂടുതല്‍ വലിപ്പത്തിലാണു വീട് നിര്‍മിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ വിശദവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് 27ന് കോര്പറേഷന് അധികൃതര്‍ ഇഡിക്കു മുമ്പാകെ സമര്‍പ്പിക്കും.
വീടിന്റെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ ഇതുകൂടി പൂര്‍ത്തിയാക്കിയ ശേഷം ഇഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോഴിക്കോട് കോര്പറേഷന് സെക്രട്ടറി ബിനുഫ്രാന്‍സിസ് ‘രാഷ്ട്രദീപിക’യോട് പറഞ്ഞു.
കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയുടെ ഭാഗമായാണ് വീടും സ്ഥലവും അളന്നത്. ഇഡിക്ക് നല്കിയ സ്വത്തുവിവരവും യഥാര്‍ഥത്തില്‍ ഉള്ളതും തമ്മിലെ അന്തരം മനസിലാക്കുകയാണ് അളവിന്റെ ലക്ഷ്യം.
അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍നിന്ന് ഇഡി ഇന്നലെ മൊഴിയെടുത്തിരുന്നു. കോഴ വിവാദത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍ നിന്ന് ഇഡി കഴിഞ്ഞ ദിവസം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
കൂടാതെ ലീഗ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ 33 പേര്‍ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാനായി കഴിഞ്ഞ ദിവസം ഇഡി നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ലീഗ് പ്രവര്‍ത്തകനായ നൗഷാദ് പൂതപ്പാറയാണ് പരാതിക്കാരന്.
സിപിഎം നേതാവായ കുടുവന്‍ പത്മനാഭന് നല്കിയ പരാതിയില്‍ ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.