കോഴിക്കോട്: പ്ലസ്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട ഇഡി അന്വേഷിക്കുന്നതിനിടെ കെ.എം.ഷാജി എംഎല്‍എക്ക് നിയമക്കുരുക്കുമായി സര്‍ക്കാര്‍.
തദ്ദേശസ്ഥാപനത്തിന്റെ അധികാരപരിധി ഉപയോഗിച്ച് നികുതി അടയ്ക്കാത്തതിനും കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചതിനും നടപടി സ്വീകരിക്കാനാണ് കോര്പറേഷന് ഒരുങ്ങുന്നത്.
വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കോര്‍പറേഷനെ അറിയിച്ചതിലും കൂടുതല്‍ ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീട് നിര്‍മിച്ചത് . ഇത്തരത്തിലുള്ള ചെറിയ വ്യത്യാസങ്ങള്‍ വരെ നിയമവിരുദ്ധമാണ്.
നിശ്ചിത അളവില്‍ കൂടുതല്‍ മേഖലയില്‍ വീടുണ്ടെങ്കില്‍ അവ ആഡംബര വീടെന്ന ഗണത്തിലുള്‍പ്പെടും. എന്നാല്‍ ആഡംബര നികുതി അടച്ചിട്ടില്ല.
നേരത്തെ വീടിന്റെ യഥാര്‍ഥ വലിപ്പം സംബന്ധിച്ചു വ്യത്യാസം കണ്ടെതിനെ തുടര്‍ന്ന് ആഡംബര നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നടപടി സ്വീകരിച്ചിരുന്നില്ലെന്നാണ് വിവരം.
അതേസമയം, ഇത്രയും വലിയ വീട് നിര്‍മിക്കാനുള്ള പണം എവിടെനിന്നു ലഭിച്ചുവെന്നതുള്പ്പെടെയുള്ള വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റും അന്വേഷിക്കുന്നുണ്ട്.
ഷാജിയുടെ ഭാര്യയ്ക്കും ഇഡി നോട്ടീസ് നല്‍കിയതായാണറിയുന്നത്. പ്ലസ്ടു അനുവദിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണമുയര്‍ന്ന അതേ കാലഘട്ടത്തിലാണ് വീട് നിര്‍മാണം നടന്നത്. ഈ സാഹചര്യത്തിലാണ് ഇഡി വീടുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നത്.