സ്വന്തം ലേഖകന്‍
കോഴിക്കോട് : കെ.എം. ഷാജിയുടെ വിവാദ പരാമർശങ്ങൾ ചർച്ചചെയ്യാൻ ഇന്ന് ലീഗ് ഉന്നതാധികാരസമിതി യോഗം. പിഎംഎ സലാം, പി.കെ. ഫിറോസ് തുടങ്ങിയവരുടെ പരാമർശങ്ങളും ചർച്ചാവിഷയമാകും. നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരേ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ ഷാജി ഇന്ന് വിശദീകരണം നല്‍കുമെന്നാണ് അറിയുന്നത്.
പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാർട്ടി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിമർശനം ആവർത്തിക്കുന്പോൾ
ഒരു വിഭാഗം നേതാക്കൾക്കെതിരെ നിരന്തരമായി പരസ്യ വിമർശനം നടത്തുന്നുവെന്നാണ് ഷാജിക്കെതിരെ മറുഭാഗത്തിന്റെ വാദം. മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തിലും ഷാജിക്ക് വിമർശനമുണ്ടായി.
ഇതിന് പിന്നാലെ മസ്ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചത്.
ലീഗില്‍ കെ.എം. ഷാജിക്കെതിരേ നീക്കം കടുപ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി പക്ഷം നീങ്ങുകയാണ്. അതേസമയം ഡോ.എം.കെ.മുനീര്‍ എംഎല്എയുള്പ്പെടെയുള്ളവരുടെ പിന്തുണ കെ.എം.ഷാജിക്കുണ്ട്.
ഒരേ വേദിയിൽ അവർ
ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും നേതാക്കളെ പ്രതിരോധത്തിലാക്കുന്നുവെന്നായിരുന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം.
ലീഗില്‍ പുതിയതായി അച്ചടക്ക സമിതി രൂപീകരിക്കാനുള്ള തീരുമാനം സമീപകാലത്തായി പരസ്യ പ്രതികരണം നടത്തുന്ന ചിലരെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.
അതേസമയം വിവാദങ്ങൾക്കിടെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തി. മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ച് എത്തിയത്.
കുഞ്ഞാലിക്കുട്ടിക്കെതിരേ
‘ഞങ്ങളെല്ലാം മുസ്ലിം ലീഗ് രാഷ്ട്രീയമാണ് പറയുന്നതെന്നും വാക്കുകളിൽ നിന്ന് മറ്റെന്തെങ്കിലും കിട്ടാൻ മെനക്കെടേണ്ടെ’ന്നും വിവാദങ്ങൾക്ക് പരോക്ഷ മറുപടിയായി കെ.എം. ഷാജി വേദിയിലിരിക്കവേ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാൽ തുടർന്ന് സംസാരിച്ച ഷാജി പ്രസംഗ വിവാദം പരാമർശിച്ചില്ല. യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം പരിപാടിക്കെത്തിയ ഇരു നേതാക്കളെയും ലീഗ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഈ മാസം ഒൻപതിന് ജിദ്ദയിലെ പരിപാടിയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരോക്ഷ വിമർശനങ്ങളാണ് കെ.എം. ഷാജിയുമായുള്ള ലീഗിന്റെ പുതിയ വിവാദങ്ങളുടെ തുടക്കം.
കുഴപ്പത്തിലാക്കുന്ന പ്രസംഗങ്ങൾ
കുഞ്ഞാലിക്കുട്ടിക്കെതിരേ കെ.എം. ഷാജിയുടെ നേതൃത്വത്തിൽ പാർട്ടിക്കുള്ളിൽ നടത്തിയിരുന്ന വിമർശനങ്ങൾ പരസ്യവേദികളിലേക്ക് മാറിയതോടെ നേതൃത്വം നിലപാട് കടുപ്പിക്കുകയാണ്.
പ്രവർത്തക സമിതിയിൽ കുഞ്ഞാലിക്കുട്ടി അനുകൂലികൾ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള തീരുമാനം.
എല്‍ഡിഎഫ് സര്‍ക്കാരിനോട് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ കെ.എം. ഷാജി നടത്തിയത്.
തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധം ഷാജി നടത്തുന്ന പ്രസംഗങ്ങള്‍ നേതാക്കളെ പ്രതിരോധത്തിലാക്കുന്നെന്നായിരുന്നു ചില നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം.