സ്വന്തം ലേഖകന്‍
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനത്തില്‍ യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജി എംഎല്‍എക്കെതിരേ കുരുക്ക് മുറുകുന്നു.
ഷാജിക്കെതിരേ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും വിജിലന്‍സ് പരിശോധിച്ചുവരികയാണ്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്നും വിജിലന്‍സ് സ്പെഷല്‍ സെല്‍ അറിയിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാവുമെന്നാണ് വിവരം.
കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്ലിന് ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് സ്പീക്കര്‍ നേരത്തെ തന്നെ അനുമതി നല്‍കിയതാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ഥിക്കെതിരേ കേസ് എടുക്കുന്നത് യുഡിഎഫിനെയും ആശങ്കയിലാക്കുന്നുണ്ട്.
ഇതിനെ തടയാന്‍ മറ്റു നിയമവശങ്ങള്‍ യുഡിഎഫും ആലോചിക്കുന്നുണ്ട്. കെ.എം.ഷാജിക്കെതിരേ സ്വന്തം നിലയ്ക്ക് കേസെടുക്കാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്നാണ് ഇന്നലെ കോടതി പരാമര്‍ശിച്ചത്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി ടി. മധുസൂദനന് വ്യക്തമാക്കി.
ഷാജി വരവില്‍ക്കവിഞ്ഞ സ്വത്ത് അനധികൃതമായി സമ്പാദിച്ചതായി വിജിലന്‍സ് സ്പെഷല്‍ യൂണിറ്റിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നു.
പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ ചോദ്യംചെയ്താണ് പരാതിക്കാരനായ അഡ്വ. എം.ആര്. ഹരീഷ് കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരമുപയോഗിച്ച് എഫ്ഐആര്‍ ചെയ്യണമെന്ന് പരാതിക്കാരന് വാദിച്ചു. ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ആരോപണ വിധേയന്.
കേസെടുക്കാന്‍ വൈകിയാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരന് വാദിച്ചു. വരവിനേക്കാള്‍ 166 ശതമാനം അധികവരുമാനം രേഖയിലുണ്ടെന്നും കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പിയുടെ നേൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
28 തവണ നടത്തിയ വിദേശ യാത്രകളെപ്പറ്റി അന്വേഷണം വേണമെന്നും വിശദ അന്വേഷണമാവാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എംഎല്‍എ ആയശേഷം 2011 ജൂണ്‍ ഒന്ന് മുതല്‍ 2020 ഒക്ടോബര്‍ 31 വരെയുള്ള സാമ്പത്തിക ഇടപാടുകളും മറ്റുമടങ്ങിയ രേഖകളാണ് വിജിലന്‍സ് പരിശോധിച്ചിരുന്നത്.
ഇതുപ്രകാരം 88.57 ലക്ഷം രൂപയാണ് ഷാജിയുടെ വരുമാനം. ആകെ ചെലവാക്കിയത് 32.19 ലക്ഷം രൂപയും. 2.03 കോടി രൂപയുടെ സ്വത്ത് ഇക്കാലയളവില്‍ വാങ്ങി.
മൊത്തം സ്വത്തും ചെലവും കൂട്ടിയാല്‍ 2.36 കോടി രൂപയാകും. വരുമാനവുമായി താരതമ്യപ്പെടുത്തുേമ്പാള്‍ 1.47 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നുംം ഇത് അനധികൃത മാര്‍ഗത്തിലാണെന്ന് കരുതുന്നതായുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഷാജിയുടെ തിരുവനന്തപുരം സബ് ട്രഷറി, മറ്റ് ബാങ്കുകള്‍, ഭാര്യയുടെ അക്കൗണ്ട്, സ്വത്തുവിവരങ്ങള്‍ എന്നിവ പരിശോധിച്ചു.
പരാതിക്കാരനിലും 25 സാക്ഷികളിലും നിന്നും തെളിവെടുത്ത വിജിലന്‍സ് 36 രേഖകള്‍ പരിശോധിച്ചു.
ശമ്പളമായി 17.05 ലക്ഷവും ഡി.എയായി 19.12 ലക്ഷവുമടക്കം 36.17 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതായും കോഴിക്കോട് മാലൂര്‍ക്കുന്നില്‍ ഭാര്യയുടെ പേരിലുള്ള വീടിന് 1.62 കോടി രൂപ ചെലവായെന്നും മറ്റ് വരുമാനമുണ്ടെന്ന വാദത്തിന് തെളിവില്ലെന്നും കണ്ടെത്തിയിരുന്നു.