കണ്ണൂർ: കെ.എം. ഷാജി എംഎൽഎയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. കെ.എം. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും എന്നാൽ ആനുകൂല്യങ്ങൾ കൈപറ്റാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉടൻ പരിഗണിക്കണമെന്ന ഷാജിയുടെ ആവശ്യം കോടതി തള്ളി. ഹൈകോടതി വിധിക്ക് ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഭാ സമ്മേളനം 27ന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.
എന്നാൽ ഷാജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. വർഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചാണ് കെ.എം. ഷാജി തെരഞ്ഞെടുപ്പ് വിജയം നേടിയതെന്ന് ആരോപിച്ച് എതിർസ്ഥാനാർഥി എം.വി. നികേഷ്കുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മുസ്ലീങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ വർഗീയ പ്രചാരണം നടത്തിയത് വിധിയെ സ്വാധീനിച്ചുവെന്നും തരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നുമായിരുന്നു നികേഷിന്റെ ആവശ്യം.
ഒടുവിൽ നികേഷിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി ജസ്റ്റിസ് പി.ഡി.രാജൻ കെ.എം.ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ചു.അടുത്ത ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും കെ.എം ഷാജിയെ കോടതി വിലക്കുകയായിരുന്നു.