നിശാന്ത് ഘോഷ്
കണ്ണൂർ: അഴിക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മൂന്നാമങ്കത്തിനിറങ്ങുന്ന ലീഗിലെ കെ.എം. ഷാജിക്കു വേണ്ടി കെപിസിസി വർക്കിംഗ് പ്രസിഡന്റായ കെ. സുധാകരൻ നേരിട്ടു പ്രചാരണത്തിനിറങ്ങും. സുധാകരന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും അഴീക്കോട് യുഡിഎഫിന്റെ പ്രവർത്തനം.
അഴീക്കോട് മണ്ഡലത്തിൽ ലീഗും കോൺഗ്രസിലെ ഒരു വിഭാഗവും തമ്മിലുള്ള ശീത സമരം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കെ. സുധാകരൻ തന്നെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.
വിഘടിച്ചു നിൽക്കുന്ന കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുധാകരൻ ഇറങ്ങിയാലെ സാധ്യമാവൂ എന്ന് ലീഗ് നേതൃത്വം അദ്ദേഹത്തെ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സുധാകരൻ അഴീക്കോട് മണ്ഡലത്തിന്റെ ചുക്കാൻ പിടിക്കാൻ തയാറായത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടർന്നായിരുന്നു അഴീക്കോട് മണ്ഡലത്തിൽ ലീഗ്-കോൺഗ്രസ് ചേരിതിരിവ് രൂക്ഷമായത്.
വളപട്ടണം പഞ്ചായത്തിൽ മുസ് ലിം ലീഗ് മുന്നണി സംവിധാനം പാലിക്കാതെ തനിച്ച് മത്സരിക്കുകയായിരുന്നു.
ലീഗിനെതിരേ വളപട്ടണത്ത് കോൺഗ്രസും സ്ഥാനാർഥികളെ നിർത്തിയിരുന്നു. ലീഗും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ വാർഡുകളിൽ ബിജെപിയായിരുന്നു വിജയിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ നേതൃയോഗത്തിൽ കോൺഗ്രസ്-ലീഗ് നേതാക്കൾ തമ്മിൽ ഇതു സംബന്ധിച്ച് കൊന്പു കോർക്കുകയും ചെയ്തു.
കോൺഗ്രസ് വിമുക്ത വളപട്ടണം സൃഷ്ടിക്കാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നതെന്നാരോപിച്ച് ഡിസിസി ജന സെക്രട്ടറിയും അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനറുമായ ബിജു ഉമ്മർ കൺവീനർ സ്ഥാനം രാജി വെക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.
2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്നും ഇത്തവണ അതിന് ഇത്തവണതിരിച്ചടി നല്‍കിയതാണെന്നുമായിരുന്നു അഴീക്കോട് യുഡിഎഫ് ചെയര്‍മാനും ലീഗ് നേതാവ് കെ.വി ഹാരിസ് നൽകിയ മറുപടിയും വിവാദമായിരുന്നു.
കോൺഗ്രസ്-ലീഗ് ശീതസമരം കാരണം ഇത്തവണ അഴീക്കോടിൽ വിജയ സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു ഇക്കുറി അഴീക്കോടില്ലെന്ന് കെ.എം. ഷാജി നേരത്തെ നേതൃത്വത്തെ അറിയിച്ചത്.
എന്നാൽ പ്രശ്നം പരിഹരിക്കാൻ കെ.സുധാകരൻ തന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. കെ. സുധാകരന്റെ ഉറപ്പിലാണ് കെ.എം.ഷാജി വീണ്ടും അഴീക്കോട് മത്സരിക്കാൻ സന്നദ്ധനായത്.