കണ്ണൂർ: ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം. ഷാജി എംഎൽഎയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ പറ്റില്ലെന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരേ യുഡിഎഫും കെ.എം. ഷാജി എംഎൽഎയും സുപ്രീംകോടതിയിലേക്ക്. സ്പീക്കറുടെ പ്രസ്താവന 26ന് സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി രേഖാമൂലം ഉത്തരവ് വാങ്ങാനാണ് കെ.എം. ഷാജിയുടെയും യുഡിഎഫിന്റെയും നീക്കം.
ഹൈക്കോടതി വിധി സുപ്രീംകോടതി തടയുകയോ അനുകൂല ഉത്തരവ് ഇറക്കുകയോ ചെയ്താൽ മാത്രമേ കെ.എം ഷാജി എംഎൽഎയ്ക്ക് സമ്മേളനത്തിൽ പങ്കെടുക്കാനാകൂ. ഷാജിയെ അയോഗ്യനാക്കിയ വിധിക്കെതിരേ ഹൈക്കോടതി നൽകിയ സ്റ്റേ നാളെയാണ് അവസാനിക്കുന്നത്. സുപ്രീംകോടതി ഇനി തിങ്കളാഴ്ചയേ പ്രവർത്തിക്കുകയുള്ളു. അതിനാൽ നാളെമുതൽ കേസ് പരിഗണിക്കുന്ന ദിവസം വരെ ഷാജി അയോഗ്യനാകും.
തെരഞ്ഞെടുപ്പിൽ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച അപ്പീൽ അടിയന്തിരമായി പരിഗണിക്കണമെന്ന കെ.എം. ഷാജിയുടെ ആവശ്യം സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. അപ്പീൽ പട്ടികയിൽ ഉൾപ്പെടുന്ന മുറയ്ക്ക് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എംഎൽഎ എന്ന നിലയിൽ നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് വാക്കാൽ പരാമർശിക്കുകയും ചെയ്തു.
27 മുതലാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. എന്നാൽ സഭയിൽ പ്രവേശിക്കാനാകില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിലപാടെടുത്തതോടെ ഷാജിക്ക് സഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ല. സുപ്രീംകോടതി ഷാജിക്ക് സഭാനടപടികളിൽ പങ്കെടുക്കാമെന്ന് വാക്കാൽ നിർദേശിക്കുകമാത്രമാണ് ചെയ്തതെന്നും സഭയ്ക്ക് രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ സഭയ്ക്കുമുന്നിലുള്ളത് ഹൈക്കോടതിവിധിച്ച അയോഗ്യതയാണന്നുമാണ് സ്പീക്കർ ഇന്നലെ പറഞ്ഞത്.
സ്പീക്കറുടെ പ്രതികരണം അനവസരത്തിലുള്ളതാണെന്നും വിഷയം സുപ്രീംകോടതി പരിഗണനയിൽ ഇരിക്കുകയാണെന്നും വ്യക്തമായ ഉത്തരമില്ലാതെ നിയമസഭയിൽ താൻ പ്രവേശിക്കില്ലെന്നും സ്പീക്കർക്ക് മറുപടിയായി കെ.എം. ഷാജി പറഞ്ഞിരുന്നു.