കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ് ലിംലീഗ് നേതാവ് കെ.എം.ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്നതിന് നടപടികള്‍ ആരംഭിച്ചു.
ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47,35,500 രൂപ അഴിമതി നിരോധന നിയമപ്രകാരം കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
വിജിലന്‍സ് സ്പെഷല്‍ സെല്‍ കോഴിക്കോട് ഡെപ്യൂട്ടി സൂപ്രണ്ടിനാണ് ഇതിന്റെ ചുമതല. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത തുക കണക്കില്‍പെടാത്തതാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തുടര്‍ നടപടികളിലേക്ക് കടന്നത്
. പണം തിരികെ കിട്ടണമെന്നുള്ള ഷാജിയുടെ ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.അനധികൃത സ്വത്ത് സമ്പാദന കേസിനു തൊട്ടുപിന്നാലെ രജിസ്റ്റര്‍ ചെയ്ത േകസാണിതെന്നും പണം തിരികെ നല്‍കുന്നത് കേസിനെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് പിരിച്ചെടുത്ത തുകയാണ് വിജിലന്‍സ് പിടിച്ചെടുത്തതെന്നായിരുന്നു കെ.എം.ഷാജിയുടെ അഭിഭാഷകന്റെ വാദം.ഇതിനു തെളിവായി രശീതുകളും ഹാജരാക്കിയിരുന്നു. എന്നാല്‍ രശീതില്‍ എഴുതിയത് 20,000 രൂപയ്ക്ക് മുകളിലുള്ള തുകയാണെന്നും 20,000 രൂപയ്ക്ക് മുകളിലുള്ള തുക പിരിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വേണമെന്നും പ്രോസിക്യുഷന് വാദിച്ചു.
കൃത്രിമമായ രേഖകളാണ് ഷാജി സമര്‍പ്പിച്ചതെന്നും പ്രോസിക്യുഷന് ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് ഷാജിയുടെ ഹര്‍ജി തള്ളിയത്. പണം തിരികെ കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഷാജിയുടെ തീരുമാനം.
ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിനെ തുടര്‍ന്നാണ് അഴീക്കോട്ടെ വീട്ടില്‍ പരിശോധന നടത്തി വിജലന്‍സ് സംഘം പണം പിടികൂടിയിരുന്നത്.
2013-ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി.
സിപിഎം നേതാവും കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കടുവന്‍ പദ്മനാഭന്റെ പരാതിയില്‍ 2020 ജനുവരിയിലാണ് കെ.എം. ഷാജിയെ പ്രതിചേര്‍ത്ത് വിജിലന്‍സ് കോഴക്കേസ് ചാര്‍ജ് ചെയ്തത്.
ഷാജിക്ക് 1.47 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് ഷാജിയുടെ അഴീക്കോട്ടെ വീട്ടിലും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടിലും റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.