സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരേയുള്ള വധഭീഷണിക്കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് ഇൻസ്പെക്ടർ പി.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്വട്ടേഷൻ സംഘാംഗങ്ങളെ മുംബൈയിൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
പാപ്പിനിശേരി സ്വദേശി തേജസ് കെ.എം. ഷാജിയെ വധിക്കാൻ ഏർപ്പെടുത്തിയെന്ന് എംഎൽഎ തന്നെ പറയുന്ന ക്വട്ടേഷൻ സംഘത്തിന് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായി.
ക്വട്ടേഷൻ സംഘാംഗങ്ങളായ നാലുപേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
തേജസിന്റെ സുഹൃത്തും മുംബൈയിൽ താമസക്കാരനുമായ യൂനസ് വഴിയാണ് കെ.എം. ഷാജിയെ വധിക്കാൻ ക്വട്ടേഷൻ ഏർപ്പാടാക്കിയതത്രെ. എന്നാൽ യൂനസിനെ കണ്ടെത്താൻ ഇതുവരെ പോലീസിനായില്ല.
തേജസിന്റെ ശത്രുക്കൾ
പാപ്പിനിശേരി സ്വദേശിയും സിപിഎം പ്രവർത്തകനുമായ തേജസിന്റെ കടുത്ത ശത്രുക്കൾ ആരോ ചെയ്തതാണ് കെ.എം. ഷാജിക്ക് എതിരായ വധഭീഷണിയെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
ഇതിനായി വിദേശ മെയിൽ ഐഡി നാട്ടിൽ തന്നെ വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് പോലീസ് കരുതുന്നത്.
വധഭീഷണിയിൽ യാതൊരു ഗൂഢാലോചനയും ഇല്ലെന്നാണു പോലീസിന്റെ നിഗമനം.
എംഎൽഎയുടെ പരാതി പ്രകാരം തേജസിന്റെ പാപ്പിശേരിയിലെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു.
ദുബായിയിൽ ഏറെക്കാലമായി ജോലി ചെയ്തിരുന്ന തേജസ് അവിടെ വച്ചാണ് ഉത്തർപ്രദേശ് ഉന്നാവ് സ്വദേശിയായ യൂനസിനെ പരിചയപ്പെടുന്നത്.
എംഎൽഎയുടെ പരാതി പ്രകാരം തേജസിനെ പ്രതിയാക്കി ക്രിമിനൽ ഗൂഢാലോചനാ കുറ്റം ചുമത്തി വളപട്ടണം പോലീസ് കേസെടുത്തിരുന്നു.
ക്വട്ടേഷൻ വിവരങ്ങൾ എങ്ങനെ ചോർന്നുവെന്നും അത് കെ.എം. ഷാജിയുടെ ഇ-മെയിലിൽ ആര് അയച്ചുവെന്നും വ്യക്തമല്ല.
വധഭീഷണി ഇങ്ങനെ
തന്നെ വധിക്കാൻ പാപ്പിനിശേരി സ്വദേശി തേജസ് 25 ലക്ഷം രൂപയ്ക്ക് മുംബൈ ബന്ധമുള്ള അധോലോക സംഘത്തിന് ക്വട്ടേഷൻ ഉറപ്പിച്ചുവെന്നായിരുന്നു കെ.എം. ഷാജി എംഎൽഎയുടെ വെളിപ്പെടുത്തൽ.
ഇതുസംബന്ധിച്ചുള്ള ടെലിഫോൺ സംഭാഷണവും എംഎൽഎ പുറത്തുവിട്ടിരുന്നു.
ക്വട്ടേഷൻ നടപ്പാക്കാനായി എത്രദിവസം കണ്ണൂരിൽ തങ്ങേണ്ടിവരുമെന്ന് സംഘം ചോദിക്കുന്നുണ്ട്.
കൃത്യം നടപ്പാക്കി കഴിഞ്ഞാൽ പിന്നെ തങ്ങരുതെന്നും ക്വട്ടേഷൻ നൽകിയയാൾ പറയുന്നു.
കെ.എം. ഷാജി എംഎൽഎയുടെ പരാതി പ്രകാരം വധഭീഷണിയിൽ വളപട്ടണം പോലീസ് കേസെടുക്കുകയും ചെയ്തു.
120 ബി പ്രകാരം ക്രിമിനൽ ഗൂഢാലോചന നടത്തിയതിനാണ് കേസ്. പാപ്പിനിശേരി സ്വദേശി തേജസാണ് ക്വട്ടേഷൻ നൽകിയതായി പറയുന്നത്.
ക്വട്ടേഷൻ സംഘാംഗങ്ങൾ സംസാരിക്കുന്ന ഹിന്ദിയിലുള്ള ശബ്ദരേഖ എംഎൽഎ പുറത്തുവിട്ടിരുന്നു.