പെരിഞ്ഞനം: കാശ്മീരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ ബിജെപിയുടേയും ആർഎസ്എസിന്റെയും പതിറ്റാണ്ടുകൾ നീണ്ട ഗൃഹപാഠങ്ങളുടേയും ഉപജാപങ്ങളുടേയും ഫലമാണെന്ന് കാലടി സംസ്കൃത സർവകലാശാല പ്രഫസറും, സ്ത്രീ വിമോചന പ്രവർത്തകയുമായ ഡോ.കെ.എം.ഷീബ അഭിപ്രായപ്പെട്ടു.
പുരോഗമന കലാസാഹിത്യ സംഘം പെരിഞ്ഞനം സമ്മേളനത്തിനോടനുബന്ധിച്ച് കാശ്മീരിൽ സംഭവിക്കുന്നത് ഭരണകൂട പ്രചരണങ്ങളും യഥാർത്ഥ വസ്തുതകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജനകീയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വിവരണാതീതമായ അപമാനങ്ങളും പീഡനങ്ങളുമാണ് കാശ്മീർ ജനത സഹിക്കുന്നതെന്നും പ്രസ്തുത ചരിത്രത്തിന്റെ നാൾവഴികൾ സൂചിപ്പിച്ച് അവർ പറഞ്ഞു.
ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി പ്രതിഷേധക്കാരെ ജിഹാദിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും പ്രഭാഷക ചൂണ്ടിക്കാട്ടി.സംഘാടക സമിതി ചെയർമാൻ ടി.കെ.രമേശ് ബാബു അധ്യക്ഷത വഹിച്ചു. ആർ.കെ.ബേബി, യു.കെ.സുരേഷ് കുമാർ, കെ.എസ്.ദിലീപ് കുമാർ, കെ.ആർ.സജിത, എസ്.എം. ജീവൻ, കെ.എ.കരീം, ദിനകരൻ എം.ഡി, അൽത്താഫ് മുഹമ്മദ്, പവിഴം ടീച്ചർ എന്നിവർ സംസാരിച്ചു. ആർ.സി.ഇ.പി.കരാറിനെതിരായ പ്രതിഷേധ പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു