കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ.എം. ഏബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കെ.എം. ഏബ്രഹാം 2015 ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറിയായിരുന്നപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. ബാബു വിധി പറഞ്ഞത്.
നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളില്‍ തുടരുകയാണ് കെ.എം. എബ്രഹാം. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെ.എം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെ.എം. എബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. ഐഎഎസുകാര്‍ സമരത്തിലേക്ക് നീങ്ങാന്‍ കാരണവും ഈ അന്വേഷണമായിരുന്നു.