സ്വന്തംലേഖകന്‍
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ കെ.എം.ഷാജിക്ക് ഇനി അവശേഷിക്കുന്നത് രണ്ട് ദിവസം മാത്രം.
23നുള്ളില്‍ രേഖകള്‍ മുഴുവനും ഹാജരാക്കാനാണ് വിജിലന്‍സ് സ്പെഷല്‍ സെല്‍ സമയം നല്‍കിയത്.
ഒന്‍പത് വര്‍ഷത്തെ സമ്പാദ്യത്തിന്റെയും കണ്ണൂരിലെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 47.35 ലക്ഷം രൂപയുടേയും രേഖകളാണ് ഹാജരാക്കേണ്ടത്.
തെരഞ്ഞെടുപ്പ് സംഭാവന
അതേസമയം പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സംഭാവനയാണെന്നാണ് ഷാജിയുടെ വിശദീകരണം.
154 ബൂത്ത് കമ്മിറ്റികളാണ് പണം പിരിച്ചത്. അതിന്റെ രസീത് ബുക്കുകള്‍ ഹാജരാക്കുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ഫണ്ടിനായി 18,000 രസീത് ബുക്കുകള്‍ അച്ചടിച്ച് പിരിവ് നടത്താനുള്ള മണ്ഡലം കമ്മിറ്റി യോഗത്തിന്റെ മിനിട്സ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിരുന്നു.
വീടിന്റെ ഭാഗം പൊളിച്ചതും വിവാദം
അതേസമയം അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് മുമ്പേ തന്നെ, കോര്പറേഷന് നടപടിക്കിടെ വീടിനോട് ചേര്‍ന്ന ഭാഗം കെ.എം.ഷാജി എംഎല്‍എ പൊളിച്ചു മാറ്റിയിരുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
മാലൂര്‍കുന്നിലെ വീടിനോട് ചേര്‍ന്നുള്ള ഭാഗമാണ് പൊളിച്ചത്.
മാലൂര്‍ കുന്നില്‍ 3200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാനായിരുന്നു ഷാജിയുടെ ഭാര്യ കെ.എം.ആശ കോര്‍പറേഷനില്‍നിന്ന് അനുമതി തേടിയത്.
എന്നാല്‍ 5420 ചതുരശ്ര അടി വലുപ്പത്തിലാണ് വീട് നിര്‍മിച്ചത്.
ഇതിനുശേഷം പ്ലാന്‍ പുതുക്കി നല്‍കുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ല.
തുടര്‍ന്ന് വീട് പൊളിച്ചു മാറ്റാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കോര്പറേഷന് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ പ്ലാനിലില്ലാത്ത ഭാഗങ്ങള്‍ നികുതി അടച്ച് ക്രമപ്പെടുത്താന്‍ ഷാജി തയാറായില്ല. പിഴയടക്കാനും തയാറായില്ല.
നിര്‍മിച്ചതു മുതലുള്ള നികുതിയും പിഴയുമൊടുക്കേണ്ടത് ഒഴിവാക്കാനാണ് ഷീറ്റിട്ട മേല്‍ക്കൂരയുള്ള ഭാഗം പൊളിച്ചു മാറ്റിയതെന്നാണ് ആരോപണം.
പൊളിച്ചുമാറ്റിയ സംഭവത്തക്കുറിച്ചും വിജിലന്‍സ് വിശദമായി പരിശോധിക്കും.
അതേസമയം വീടിന്റെ ഭാഗം പൊളിച്ചു മാറ്റിയിട്ടില്ലെന്നും വീടിനോട് ചേര്‍ന്നുള്ള പ്ലാസ്റ്റിക് ഷീറ്റുകളാണ് മാറ്റിയതെന്നും കെ.എം.ഷാജി രാഷ്ട്ര ദീപികയോട് പറഞ്ഞു.
വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കോര്‍പറേഷനില്‍ ചില നടപടികള്‍ നിലനില്‍ക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്നല്ല ഇതെന്നും അദ്ദേഹം അറിയിച്ചു.