ന്യൂയോർക്ക്: ഇൻസ്റ്റഗ്രാം താരത്തെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന്റെ ചിത്രങ്ങൾ സുഹൃത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ ക്യൂൻസിലാണ് സംഭവം. ഇവിടെ സംഗീതപരിപാടി കാണാൻ പോയ പതിനേഴു കാരിയായ ബിയാൻക ഡെവിൻസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഇൻസ്റ്റഗ്രാം താരം കൂടിയായ ഇവരെ 21 കാരനായ ബ്രാൻഡൻ ക്ലാർക്കാണ് കൊലപ്പെടുത്തിത്. ഇരുവരും ഒരുമിച്ചാണ് സംഗീത പരിപാടി കാണാൻ എത്തിയിരുന്നത്. പരിപാടിയുടെ തൊട്ടടുത്ത ദിവസമാണ് ബിയാൻകയെ ഒരു കറുത്ത എസ്യുവി കാറിനടുത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പിന്നീട് നടന്ന അന്വേഷണത്തിലാണ് “അയാം സോറി ബിയാൻക’ എന്ന കുറിപ്പോടെയാണ് രക്തത്തിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിന്റെ ചിത്രങ്ങൾ ബ്രാൻഡൻ ഇൻസ്റ്റഗ്രാമിലിട്ടതായി കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ഇയാൾ എടുത്ത സെൽഫി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ വളരെ പെട്ടെന്നു തന്നെ പ്രചരിച്ചു.
ബിയാൻകയെ കൊലപ്പെടുത്തിയ ശേഷം കൊലയാളി തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. പോലിസ് സ്ഥലത്തെത്തിയപ്പോൾ എസ്യുവിക്ക് അടുത്ത് ബ്രാൻഡൻ ക്ലാർക്ക് ഉണ്ടായിരുന്നു. പോലിസിനെ കണ്ടയുടനെ ഇയാൾ കത്തിയുപയോഗിച്ച് സ്വയം കുത്തുവാനും കഴുത്ത് മുറിക്കാനും ശ്രമം തുടങ്ങി.
പോലിസ് ഇയാളെ തോക്കിൻമുനയിൽ നിർത്തിയ സന്ദർഭത്തിലാണ് ഫോണെടുത്ത് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ അപ്ഡേറ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ബ്രാൻഡൻ ക്ലാർക്കിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊല നടത്തിയ കാര്യം ഇയാൾ സമ്മതിച്ചതായാണ് വിവരം.
ക്ലാർക്കും ബിയാൻകയും തമ്മിലും പ്രണയത്തിലായിരുന്നെന്നാണ് പോലീസ് ഭാഷ്യം. ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലീസ് നീക്കം ചെയ്തു. ഡികോർഡ് 4ചാൻ എന്നീ സോഷ്യൽ മീഡിയ സൈറ്റുകളിലും ഇയാൾ ചിത്രങ്ങൾ അപ് ലോഡ് ചെയ്തിരുന്നു. ജീവപര്യന്തം തടവ് കിട്ടാവുന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.