എംജെ ശ്രീജിത്ത്
തിരുവനന്തപുരം :ജോലിസ്ഥിരതയും ശന്പളവർധനയുമില്ലാതെ കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ ജീവനക്കാർ. 2007ലാണ് ആരോഗ്യ വകുപ്പിന് കീഴിൽ മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംസിഎൽ)രൂപീകരിച്ചത്. കോർപറേഷൻ രൂപീകരിച്ച് 13 വർഷം പൂർത്തിയായിട്ടും ഒരു ജീവനക്കാരനു പോലും സ്ഥിര നിയമനം നൽകാതെ സർക്കാർ കോർപറേഷനെ അവഗണിക്കുകയാണ്.
എല്ലാ ജില്ലകളിലുമായി മെഡിക്കൽ സർവീസ് കോർപറേഷന്റ കീഴിൽ മൂന്നൂറിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും കോർപറേഷൻ രൂപീകരിച്ച കാലംമുതൽ ജോലി ചെയ്യുന്നവരാണ്. ചിലജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതല്ലാതെ മറ്റു ആനുകൂല്യങ്ങളോ ജോലി സ്ഥിരതയോ ഇതുവരെ ഉറപ്പു വരുത്തിയിട്ടില്ല.
പല കോർപറേഷനുകളിലും അഞ്ചു വർഷം പൂർത്തിയാകാത്ത ജീവനക്കാരെപ്പോലും സ്ഥിരപ്പെടുത്തിയിട്ടും കെഎംസിഎല്ലിലെ ജീവനക്കാരോടുള്ള അവഗണന മാറി മാറി വന്ന എല്ലാ സർക്കാരുകളും തുടർന്നു. സംസ്ഥാനം നേരിട്ട മഹാ പ്രളയത്തിനേയും നിപയേയും കൊറോണയേയും പ്രതിരോധിക്കാൻ ആരോഗ്യവകുപ്പിന്റെ കീഴിൽ രാപ്പകൽ കഷ്ടപ്പെട്ട തങ്ങളോട് സർക്കാർ കരുണ കാണിക്കുന്നില്ലെന്ന പരാതിയാണ് ഇവർക്കുള്ളത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ, റീജിണൽ കാൻസർ സെന്റർ തുടങ്ങി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം മരുന്നുകൾ വിതരണം ചെയ്യുന്നത് കെഎംസിഎല്ലാണ്. സംസ്ഥാനം ഏത് ദുരന്തം നേരിട്ടാലും അപ്പോൾ മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമായി കെഎംസിഎൽ മാറും.
പ്രളയകാലത്തും നിപയേയും കൊറോണയേയും പ്രതിരോധിക്കാനുള്ള മരുന്നുകളും വസ്ത്രങ്ങളും വിദേശത്തു നിന്നടക്കം എത്തിയപ്പോൾ അതു സംസ്ഥാനം മുഴുവനും വിതരണം ചെയ്തത് മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയാണ്. രാപ്പകൽ ഊണും ഉറക്കവും ഉപേക്ഷിച്ച് പണിയെടുത്ത ജീവനക്കാർക്ക് പലപ്പോഴും അലവൻസുകൾ പോലും ലഭിച്ചല്ല.
പ്രളയകാലത്ത് വയനാട്ടിലടക്കം മരുന്നുമായി പോയ ഡ്രൈവർമാർ ലഭിക്കുന്ന തുച്ഛമായ ശന്പളത്തിൽ നിന്നാണ് പണമെടുത്ത് ആഹാരം കഴിച്ചത്. 12വർഷം കഴിഞ്ഞിട്ടും ജോലിസ്ഥിരത ഉറപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ജീവനക്കാർ പലകുറി സർക്കാരിനെ സമീപിക്കുകയും നിവേദനം നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ശന്പള വർധനയില്ലാത്തതിനാൽ പലരും കെഎംസിഎല്ലിലെ ജോലി ഉപേക്ഷിച്ച് മറ്റു ജോലികൾ തേടിപ്പോയി. കോർപറേഷൻ തുടങ്ങിയ കാലത്തു ജോലിക്കു കയറിവരിൽ ചുരുങ്ങിയവർ മാത്രമാണ് ഇപ്പോഴും ജോലിയിൽ തുടരുന്നത്. ഇപ്പോഴുള്ളവരിൽ കുറച്ചുപേർക്ക് മാത്രമാണ് കരാറെങ്കിലും ലഭിച്ചത്.
ഭൂരിപക്ഷവും ദിവസ വേതന അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. പല ജില്ലകളിലേയും മരുന്നു സംഭരണ ശാലകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും വേണ്ടത്രയില്ല. പലവിധ ബുദ്ധിമുട്ടുകളിൽ ജോലി ചെയ്യുന്ന തങ്ങളെ ഇനിയും അവഗണിക്കരുതെന്ന അഭ്യർഥനയാണ് സർക്കാരിനും ആരോഗ്യമന്ത്രിയ്ക്കും മുന്നിൽ ഇവർ വയ്ക്കുന്നത്.