പാവറട്ടി: വാക്സിൻ വിതരണത്തച്ചൊല്ലി തർക്കം അഞ്ച് ജനപ്രതിനിധികളെ പോലീസ് അറസ്റ്റുചെയ്തു നീക്കി.മുല്ലശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ വാക്സിൻ വിതരണത്തച്ചൊല്ലി ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലാണ് തർക്കമുണ്ടായത്.
വാക്സിനേഷൻ കേന്ദ്രത്തിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ ജനപ്രതിനിധികളെ പാവറട്ടി പോലീസ് അറസ്റ്റു ചെയ്ത് നീക്കി.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ മുല്ലശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിയ ജനങ്ങളോടു തിരിച്ചു പോകാൻ ആവശ്യപ്പെട്ടതാണു തർക്കത്തിനും സങ്കർഷത്തിനും ഇടയാക്കിയത്.
കോണ്ഗ്രസ് പഞ്ചായത്ത് അംഗങ്ങളായ ക്ലമന്റ് ഫ്രാൻസിസ്, മോഹനൻ വാഴപ്പള്ളി, സിപിഎം മെന്പറായ റഫീസ നാസർ, ബിജെപി മെന്പറായ ടി.ജി. പ്രവീണ്, സ്വതന്ത്ര അംഗമായ എൻ.എസ്. സജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
വാക്സിനേഷൻ കേന്ദ്രത്തിനു മുന്നിൽ കൂട്ടംകൂടി പ്രതിഷേധിച്ചതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.
കോവീഷിൽഡ് വാക്സിൻ ഒന്നാം ഡോസ് എടുത്ത 90 ദിവസം പൂർത്തിയായവരാണ് രണ്ടാം ഡോസ് സ്വീകരിക്കാൻ ഇന്നലെ രാവിലെ മുതൽ ആരോഗ്യകേന്ദ്രത്തിൽ എത്തിയത്.
ആരോഗ്യ വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് വാർഡ് മെന്പർമാരാണ് ഓരോ വാർഡിൽ നിന്നും 20 പേരെ വിധം വാക്സിനേഷന് അയച്ചത്. തിരക്കൊഴിവാക്കാൻ ഓരോ വാർഡിനും പ്രത്യേക സമയങ്ങങ്ങളും അനുവദിച്ചിരുന്നു.
എന്നാൽ വ്യാഴാഴ്ച രാത്രി സൂപ്രണ്ടിന് ലഭിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് പ്രകാരം മാർച്ച് 31നു മുന്പ് ആദ്യ ഡോസ് വാക്സിൻ എടുത്തവർക്ക് രണ്ടാം ഡോസ് നൽകാനായിരുന്നു നിർദേശം.
ബാക്കിവരുന്ന വാക്സിൻ കരുതലായി സൂക്ഷിക്കണമെന്നും ഡിഎംഒയുടെ ഉത്തരവിൽ പറഞ്ഞിരുന്നു. ഇതോടെയാണ് ഇന്നലെ വാക്സിനേഷൻ ക്യാന്പിൽ എത്തിയ ഏപ്രിൽ ഒന്നിനു ശേഷം ആദ്യം ഡോസ് സ്വീകരിച്ചവരോട് തിരിച്ചുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ജോലിയും മറ്റുകാര്യങ്ങളും മാറ്റിവച്ച് വാക്സിൻ സ്വീകരിക്കാനെത്തിയവർക്കു വാക്സിൻ നൽകാനാകില്ലെന്ന് അധികൃതർ പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്.
ശാരീരിക അവശതകൾ അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വാക്സിൻ വിതരണത്തിലെ മാറ്റം കൃത്യസമയത്ത് അറിയിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ ആയിരുന്നു പ്രതിഷേധം.
ഡിഎംഒ യുടെ ഉത്തരവ് കാണിച്ച് പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പാവറട്ടി പോലീസ് സ്ഥലത്തെത്തി പ്രതിഷേധത്തിനു നേതൃത്വം നൽകിയ അഞ്ച് ജനപ്രതിനിധികളെയും അറസ്റ്റുചെയ്തു നീക്കുകയായിരുന്നു.