പാലാ: കെ.എം.മാണിയുടെ 84ാം ജന്മദിനം കേരളാ കോണ്ഗ്രസ് എം കാരുണ്യദിനമായി ആചരിക്കും. മാനസികാരോഗ്യകേന്ദ്രങ്ങൾ, വൃദ്ധമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, ബാലഭവനങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകും.
കേരളാ കോണ്ഗ്രസ് എം പ്രാദേശികനേതൃത്വത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ. പാലാ നിയോജകമണ്ഡലത്തിലെ പരിപാടികളുടെ ഉദ്ഘാടനം പാലാ മരിയസദനത്തിൽ 29 ന് ഉച്ചയ്ക്ക് 12 ന് നടക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റും ജില്ലാ ബാങ്ക് പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളവും സെക്രട്ടറി തോമസ് ആന്റണിയും അറിയിച്ചു.
ഇതു സംബന്ധിച്ച് ചേർന്ന സംഘാടകസമിതിയോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം, ജോസ് പാലമറ്റം, സഖറിയാസ് വലവൂർ, ജോസുകുട്ടി പൂവേലിൽ, ടോബിൻ കെ അലക്സ്, ലീനാ സണ്ണി, ബെറ്റി ഷാജു, പെണ്ണമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
കാരുണ്യചികിത്സാ പദ്ധതി, പെൻഷൻ പദ്ധതി, വെളിച്ചവിപ്ളവം, സാമൂഹികജലസേചനപദ്ധതി, സാമൂഹിക ക്ഷേമപെൻഷൻ പദ്ധതികൾ എന്നിവയുടെ ഉപജ്ഞാതാവായ കെ.എം.മാണിയുടെ 84ാം ജന്മദിനം സംസ്ഥാനത്തുടനീളം 1000 ൽപരം കേന്ദ്രങ്ങളിൽ കരുണയുടെ കൈയൊപ്പ് എന്ന പേരിൽ ആഘോഷിക്കുകയാണ്. പി.ജെ.ജോസഫ് എം എൽ എയുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.