കുറവിലങ്ങാട്: വിജ്ഞാനം വിളമ്പുന്ന സയൻസ് സിറ്റിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മൂന്ന് കോടിയുടെ വിശ്രമകേന്ദ്രം നാടിന് സ്വന്തമാകുന്നു. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്തപദ്ധതിയായ കെ.എം. മാണി സ്മാരക തണൽ വിശ്രമകേന്ദ്രത്തിന്റെ നിർമാണമാണ് നാടിന് അഭിമാനമായി പുരോഗമിക്കുന്നത്.
മൂന്നു കോടി രൂപയോളം ചെലവഴിച്ച് നിർമാണം പൂർത്തീകരിക്കുന്ന പദ്ധതി ഒക്ടോബറിൽ നാടിന് സ്വന്തമാകും. മൂന്ന് നിലകളിലായി 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന മന്ദിരത്തിന്റെ ആദ്യനിലയുടെ കോൺക്രീറ്റിംഗ് ഇന്നു നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യനും ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.
4,300 ചതുരശ്ര അടിയിലാണ് ആദ്യനിലയുടെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ച 1.96 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള 76 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നതെന്ന് ബിഡിഒ ജോഷി ജോസഫ് പറഞ്ഞു.
സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ടേക്ക് എ ബ്രേക്ക് പദ്ധതിയാണ് കെ.എം. മാണിയുടെ പേരിൽ യാഥാർഥ്യമാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഒരേസമയം 100 പേർക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്ഥലസൗകര്യം ലഭ്യമാകും. 15 ശൗചാലങ്ങളും പുതിയ ബഹുനില മന്ദിരത്തിലുണ്ടാകും.
മൂന്നാം നിലയിൽ സ്ത്രീകൾക്ക് മാത്രമായും രണ്ടാംനിലയിൽ എല്ലാവർക്കുമായും താമസസൗകര്യം ഒരുക്കുമെന്നത് സയൻസ് സിറ്റിയിലടക്കമെത്തുന്നവർക്ക് നേട്ടമാകും. 50 പേർക്കുള്ള താമസസൗകര്യമാണ് ലഭ്യമാകുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വിശ്രമകേന്ദ്രം നിർമിക്കുന്നത്. രാജഭരണകാലത്ത് ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് പുതിയ വിശ്രമകേന്ദ്രമെന്നതും ഏറെ പ്രത്യേകതയാണ്.