കൊല്ലം: കെഎംഎംഎലിന്റെ കുടിയൊഴിപ്പിക്കൽ കരാർലംഘനത്തിനെതിരേ കോവിൽത്തോട്ടം ഇടവകയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ രാവിലെ എട്ടിന് പ്രദേശവാസികളായ നൂറുകണക്കിന് ആൾക്കാർ ഉപവാസം നടത്തും. സമരത്തിന്റെ ഉദ്ഘാടനം കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി നിർവഹിക്കും.
കോവിൽതോട്ടത്തെ മൈനിംഗ് തൊഴിലാളികൾക്ക് അടിയന്തിര ഇടക്കാലാശ്വാസം അനുവദിക്കുക, ജോലി സ്ഥിരത ഉറപ്പ് വരുത്തുക, കന്പനിയിലെ സ്ഥിര നിയമനങ്ങൾക്ക് അർഹമായ മുൻഗണന നൽകുക, ഖനനപ്രദേശം മണ്ണിട്ട് നികത്തി വാസയോഗ്യമാക്കി പുരരധിവാസത്തിനായി ഭൂമി തിരിച്ചുനൽകുക,തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.
പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലിന്റെ പ്രവർത്തനത്തിന് ആവശ്യമായ കരിമണൽ ലഭിക്കാതെ കന്പനി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സാഹചര്യത്തിലാണ് കോവിൽത്തോട്ടം പ്രദേശംമ ഖനനത്തിനായി ഏറ്റെടുക്കുന്നതിനുളള നടപടികൾ ആരംഭിചചത്.
സംസ്ഥാന മന്ത്രിമാർ, ഗവൺമെന്റ് സെക്രട്ടറിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കന്പനി മാനേജ്മെന്റ് എന്നിവരുടെ സാന്നിധ്യത്തിൽ നിരവധി തവണ നടന്ന ചർച്ചകൾക്ക് ഒടുവിലാണ് കുടിയൊഴിപ്പിക്കൽ കരാർ വ്യവസ്ഥകൾക്ക് അനതിമ രൂപം നൽകിയത്.
നിയമപരമായ ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസികൾ തുഛമായ വിലയ്ക്ക് ഭൂമി വിട്ടുനൽകിയതെന്ന് കൊല്ലം രൂപതാ വികാർ ജനറൽ മോൺ.വിൻസന്റ് മച്ചാഡോ, ഇടവക വികാരിയും സമരസമിതി ചെയർമാനുമായ ഫാ.ആബേൽ ലൂഷ്യസ് എന്നിവർ ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചിരപുരാതനമായ സെന്റ് ആൻഡ്രൂസ് ദേവായം, 120 വർഷത്തെ ചരിത്രമുള്ള സെന്റ് ലിഗോരിയോസ് എൽപി സ്കൂൾ, പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി എന്നിവയാണ് ഈ ചെറിയ ഗ്രാമത്തിന്റെ പൈതൃകങ്ങൾ.ഭൂമി വിട്ടുനൽകി മൂന്നുവർഷത്തിനകം അതേ വിസ്തീർണത്തിൽ പുനരധിവാസത്തിന് ഭൂമി തിരിച്ച് നൽകും, അതിന് കഴിഞ്ഞില്ലെങ്കിൽ അതുവരെ താമസിക്കുന്ന വീടുകൾക്ക് വാടക നൽകും, കുടിയൊഴിപ്പിക്കുന്ന കുടുംബത്തിലെ ഒരംഗത്തിന് തൊഴിൽ, ദേവായത്തിന്റെയും സെമിത്തേരിയുടെയും സംരക്ഷണം, കുടിവെള്ള വിതരണം കാര്യക്ഷമമാക്കും എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകൾ.
എന്നാൽ ഖനനശേഷം കന്പനി കരാർ വ്യവസ്ഥകൾ പൂർണായി ലംഘിക്കുകയായിരുന്നുവെന്ന് സമരസമിതി നേതൃത്വം പറുന്നു. തൊഴിലും പുനരധിവാസവും ഒന്നും ലഭിച്ചില്ല. ഇതുകാരണം പലരും കടബാധ്യതകളിൽ അകപ്പെട്ട് തീരാദുരിതത്തിലാണ്.ഭൂമി ഏറ്റെടുത്തിട്ട് പത്ത് വർഷം കഴിഞ്ഞിട്ടും പുനരധിവാസത്തിനായി അത് തിരികെ നൽകിയിട്ടില്ല.
നേരത്തേ നൽകിയിരുന്ന വീട്ടുവാടക രണ്ടുവർഷമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഇതുമൂലം പലർക്കും വാടക വീടുപോലും നഷ്ടപ്പെടുന്ന സാഹചര്യമാണ്. കേരളത്തിൽ എവിടെയും കാണാത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നത്.
ചെറുപ്പക്കാരിൽ പലരും ഉള്ള ജോലി ഉപേക്ഷിച്ച് കന്പനിയിൽ ജോലിക്ക് എത്തിയെങ്കിലും ഇവർക്ക് പേരിനുമാത്രം ജോലി നൽകി ജനങ്ങളെ ഒന്നടങ്കം ദ്രോഹിക്കുകയായിരുന്നു. കുറെ നാളുകളായി പ്രദേശത്തെ 450 തൊഴിലാളികളും അവരുടെ കുടുംബങ്ങളും ജോലിയൊന്നും ഇല്ലാതെ പട്ടിണിയിലാണ്.
തീരദേശ മേഖലയിൽ നിന്ന് ചിതറിക്കപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികളും ഇപ്പോൾ തൊഴിൽപരമായി ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്. ഇടവക ദേവാലയത്തിന്റെയും സെമിത്തേരിയുടെയും സംരക്ഷണമെന്ന കരാർ വ്യവസ്ഥയും കടലാസിൽ തന്നെ.
ഖനനത്തെ കോവിൽത്തോട്ടം പ്രദേശത്ത് പലയിടത്തും വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. ഈ കുഴികളും കടലുമായി ഇപ്പോൾ പത്ത് മീറ്റർ അകലമേയുള്ളൂ. ചെറിയ കടൽക്ഷോഭം വന്നാലും കടലും കായലും ഒന്നാകുന്ന സ്ഥിതിയുണ്ട്.
ഇത് പ്രദേശത്തെ മാത്രമല്ല ചവറ, പന്മന പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടാക്കാനും ഇടയാക്കും.
തീരത്തിന്റെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിന് ശാസ്ത്രീയ പുലിമുട്ട് നിർമാണം ആവശ്യമാണ്. പുലിമുട്ട് നിർമാണത്തിന് വർഷങ്ങൾക്ക് മുന്പ് തയാറാക്കിയ പ്രോജക്ട് റിപ്പോർട്ട ബോധപൂർവം കന്പനി പൂഴ്ത്തിവച്ചിരിക്കയാണെന്നും സമരസമിതി ആരോപിച്ചു.