കോട്ടയം: ബാർ കോഴ കേസ് സംബന്ധിച്ചു കെ.എം.മാണിയെ ഗൂഡാലോചന നടത്തി കുടുക്കുകയായിരുന്നെന്ന റിപ്പോർട്ടിലെ പരാമർശങ്ങളിൽ കലങ്ങുന്നതു കോൺഗ്രസ് രാഷ്ട്രീയം.
കെ.എം. മാണി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് എന്ന പേരിലാണ് മാധ്യമങ്ങളിൽ ഇതു വന്നത്.
കോൺഗ്രസിലെ ഐ ഗ്രൂപ്പ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കെ.എം.മാണിക്കെതിരേ കത്തിപ്പിടിച്ച ബാർകോഴ ആരോപണം എന്നാണ് റിപ്പോർട്ടിന്റെ കാതൽ.
അതേസമയം, ഉമ്മൻ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല നടത്തിയ നീക്കത്തിനു പിന്തുണ നൽകാത്തതിനാലാണ് കെ.എം. മാണിയെ ബാർകോഴ കേസിൽ കുടുക്കിയതെന്ന ഗുരുതരമായ ആരോപണവും പ്രചരിക്കുന്ന റിപ്പോർട്ടിൽ ഉണ്ട്.
ഇപ്പോൾ പുറത്തുവന്നതു യഥാർഥ റിപ്പോർട്ട് അല്ല എന്നു കേരള കോൺഗ്രസ് കേന്ദ്രങ്ങൾ പ്രതികരിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ടിലൂടെ പുറത്തുവന്ന കാര്യങ്ങളെ ഇവർ പൂർണമായി നിഷേധിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയം.
രമേശ് ചെന്നിത്തലയാണ് കെ.എം. മാണിയെ ബാർകോഴ കേസിൽ കുടുക്കാൻ ചുക്കാൻ പിടിച്ചതെന്ന് ഒളിഞ്ഞും നേരത്തെ തന്നെ കേരള കോൺഗ്രസ് കേന്ദ്രങ്ങൾ ആരോപിച്ചിരുന്നു.
ആരോപണം ഉയർന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ കെ.എം. മാണിക്കെതിരേ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതു സംശയാസ്പദമാണെന്നു റിപ്പോർട്ടിൽ പറയുന്നു.
ബാർ കോഴ ആരോപണം ബാർ ഉടമ ബിജു രമേശ് ഉയർത്തിയതിനു തൊട്ടുപിന്നാലെ ചെന്നിത്തലയുടെ വിശ്വസ്തൻ പാലായിൽ കെ.എം.മാണിയെ സന്ദർശിച്ചു മുഖ്യമന്ത്രിയാകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചെന്നും എന്നാൽ കെ.എം. മാണി അതു നിഷേധിച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
കേരള കോൺഗ്രസ് -എം നടത്തിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് കോൺഗ്രസിൽ ഗ്രൂപ്പ് ഭൂകന്പത്തിനു വഴിവയ്ക്കുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
ഉമ്മൻ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിസ്ഥാനം കൈക്കലാക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നീക്കം നടന്നെന്ന ആരോപണം പരസ്യമായി ഉയർന്നതു കോൺഗ്രസിലെ ഗ്രൂപ്പു പോര് ശക്തമാക്കിയേക്കും.
കെ.എം. മാണിക്ക് എതിരായ നടന്ന നീക്കത്തിന് ആദ്യം ഉമ്മൻ ചാണ്ടിയുടെ മൗനസമ്മതം ഉണ്ടായിരുന്നെന്നും എന്നാൽ ഐ ഗ്രൂപ്പ് പിന്നീട് ഇതുപയോഗിച്ചു സർക്കാരിനെതിരേയുള്ള പടപ്പുറപ്പാടാണ് നടത്തുന്നതെന്നു തിരിച്ചറിഞ്ഞ എ ഗ്രൂപ്പ് കേസിനെ ശക്തമായി പ്രതിരോധിക്കുകയായിരുന്നെന്നും പറയുന്നു.
തനിക്കെതിരേയുള്ള കോഴക്കേസിൽ കോൺഗ്രസിലെ ഒരു വിഭാഗം കളിച്ചെന്നു കെ.എം.മാണി തന്നെ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.
ചരൽക്കുന്നിൽ നടന്ന സമ്മേളനത്തിൽ യുഡിഎഫിൽനിന്ന് വിട്ടു സ്വതന്ത്രനിലപാട് സ്വീകരിക്കാൻ കേരള കോൺഗ്രസ്-എം തയാറായത് ഇതിന്റെ പശ്ചാത്തലത്തിലാണ്.
കെ.എം. മാണിക്കെതിരേയും എ ഗ്രൂപ്പ് മന്ത്രിയായിരുന്ന കെ.ബാബുവിനെതിരേയുമാണ് ബാർ കോഴ ആരോപണം ഉയർത്തിവിട്ടത്. മറ്റ് മൂന്നു മന്ത്രിമാർക്കെതിരേയും ആരോപണം വരുമെന്ന സൂചനയും പുറത്തുവന്നിരുന്നു.
അതേസമയം, പുറത്തുവന്ന റിപ്പോർട്ടുകൾ സംബന്ധിച്ചു രമേശ് ചെന്നിത്തലയോ കോൺഗ്രസ് വൃത്തങ്ങളോ ഇനിയും പ്രതികരിച്ചിട്ടില്ല.