കോഴിക്കോട്: അനധികൃത സ്വത്ത്സമ്പാദന കേസില്‍ കെ.എം.ഷാജി എംഎല്‍എക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണം ഫാസ്റ്റ് ട്രാക്കിലേക്ക്.
കോഴിക്കോട് മാലൂര്‍കുന്നിലെ ആഡംബര വീട് നിര്‍മാണത്തിനുള്ള പണം ലഭിച്ചതും മറ്റുമുള്ള കാര്യങ്ങളാണ് വിജിലന്‍സ് സ്പെഷല്‍ സെല്‍ അന്വേഷിക്കുന്നത്. കൂടാതെ ഇക്കാലയളവില്‍ ഷാജി വിദേശത്ത് യാത്ര ചെയ്തതിന്റെ ഉദ്യോശത്തെ വിജിലന്‍സ് പരിശോധിക്കും.
കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്ലിന് ലഭിച്ച പരാതിയില്‍ ഇപ്പോള്‍ അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ അന്വേഷണം നടത്തി മാര്‍ച്ച് ഒന്‍പതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.
അതിനാല്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറണം. ഈ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയ ശേഷം കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ വീണ്ടും നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും വേണം.
ഇതിന് ശേഷമേ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവൂ. കോടതി നിശ്ചയിച്ച തിയതിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ വിജിലന്‍സിന് തിരിച്ചടിയാവും.
നിലവില്‍ സ്പീക്കറുടെ അനുമതി ലഭിച്ചെങ്കിലും കേസ് അന്വേഷിക്കേണ്ട വിജിലന്‍സിന് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ലഭിച്ചിട്ടില്ല. ഏതെല്ലാം വിഷയങ്ങളില്‍ അന്വേഷണം നടത്തണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശം വരും ദിവസങ്ങളില്‍ ആഭ്യന്തരവകുപ്പ് നല്‍കും.
തുടര്‍ന്ന് ഡയറക്ടറുടെ നിര്‍ദേശം ലഭിച്ചാല്‍ അന്വേഷണം ആരംഭിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
ഷാജിക്കെതിരേ കണ്ണൂരും കോഴിക്കോടുമായി വിജിലന്‍സ് രണ്ട് പരാതികളിലാണ് അന്വേഷണം നടത്തുന്നത്. അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കേസില്‍ കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വ്യക്തമാക്കി അഭിഭാഷകനും സിപിഎം പന്നിയങ്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.ആര്.ഹരീഷാണ് വിജിലന്‍സ് കോടതി മുമ്പാകെ മറ്റൊരുപരാതി നല്‍കിയത്.
കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വീട് 1,62,60,000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം. ഇത്രയും തുക ഷാജി എങ്ങനെ കരസ്ഥമാക്കിയെന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുക.