കെ.എം. ഷാജി എംഎൽഎയ്ക്കെതിരേയുള്ള വധഭീഷണിക്കേസിൽ ക്വട്ടേഷൻ സംഘത്തെത്തേടി മുംബൈയിലെത്തിയ വളപട്ടണത്തെ പോലീസ് സംഘം കണ്ടത് സിനിമാക്കഥയെ വെല്ലുന്ന വിചിത്രമായ സംഭവങ്ങൾ.
വധഭീഷണിക്കേസിൽ പ്രതിയായ പാപ്പിനിശേരി സ്വദേശി തേജസിനെ വളപട്ടണം പോലീസ് ചോദ്യം ചെയ്തിരുന്നു.
തേജസിന്റെ മുംബൈയിലെ സുഹൃത്തായ ഉത്തർപ്രദേശുകാരനായ യൂനസിന് കെ.എം. ഷാജിയെ വധിക്കാൻ 25 ലക്ഷം രൂപ ക്വട്ടേഷൻ നൽകിയെന്നാണ് പരാതി.
തുടർന്നാണ് ക്വട്ടേഷൻ സംഘത്തെ തേടി വളപട്ടണം പോലീസ് ഇൻസ്പെക്ടർ പി.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈയിലെത്തിയത്.
ഏഴുദിവസത്തെ അന്വേഷണത്തിൽ പോലീസിന് ലഭിച്ചത് രസകരവും വിചിത്രവുമായ അനുഭവങ്ങളാണ്.
ദാരിദ്ര്യവും പട്ടിണിയുമായി കഴിയുന്ന ക്വട്ടേഷൻ സംഘം
ഒരു പകലും രാത്രിയും നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്വട്ടേഷൻ സംഘത്തിന്റെ ആസ്ഥാനം പോലീസ് കണ്ടെത്തിയത്.
മുംബൈ നഗരത്തിലെ അന്തേരി വെസ്റ്റിൽ വഴിവാണിഭ കേന്ദ്രത്തിന്റെ നടുവിലായി പഴകി ദ്രവിച്ച മൂന്നുനില കെട്ടിടത്തിലാണ് ക്വട്ടേഷൻ സംഘം താമസിക്കുന്നത്.
മൂന്നാമത്തെ നിലയിൽ യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്ത ഒരു കുടുസ് മുറിക്കുള്ളിലാണ് നാലംഗ സംഘത്തിന്റെ താമസം.
മുറിയുടെ കതക് പാതിതുറന്ന നിലയിലായിരുന്നു.
കേരളത്തിൽ നിന്നു വന്ന അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് സിഐ മനോജ് ക്വട്ടേഷൻ സംഘത്തെ അറിയിച്ചെങ്കിലും സംഘാംഗങ്ങളുടെ മുഖത്ത് യാതൊരു ഭാവപ്പകർച്ചയുമുണ്ടായിരുന്നില്ല.
കണ്ണൂർ ജില്ലയിലെ എംഎൽഎ കെ.എം. ഷാജിയെ വധിക്കാൻ പാപ്പിനിശേരിക്കാരനായ തേജസ് ഉത്തർപ്രദേശ് സ്വദേശിയും മുംബൈയിൽ താമസക്കാരനുമായ യൂനസിന് ക്വട്ടേഷൻ നൽകിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതാണെന്നും പോലീസ് സംഘാംഗങ്ങളെ അറിയിച്ചു.
ക്വട്ടേഷൻ നൽകിയത് നിങ്ങൾക്കാണെന്നാണ് അന്വേഷണത്തിൽ മനസിലായതെന്നും പറഞ്ഞു.
25 ലക്ഷം രൂപ നാലംഗസംഘത്തിന് ലഭിച്ചോയെന്നും പോലീസ് ചോദിച്ചു.
ഹിന്ദി ഭാഷ മാത്രം വശമുള്ള ക്വട്ടേഷൻ സംഘത്തോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
ക്വട്ടേഷൻ സംഘത്തിലെ നാലുപേർക്കും തേജസിനെ പരിചയമില്ല, എന്നാൽ യൂനസിനെ നന്നായി അറിയാം.
ക്വട്ടേഷനുമായി യാതൊരു ബന്ധവുമില്ലെന്നും ഭയപ്പെടുത്താൻ മുംബൈയിലെ തങ്ങളുടെ പേര് പറഞ്ഞതാകാമെന്നാണ് സംഘാംഗങ്ങൾ പോലീസിനോടു പറഞ്ഞത്.
കേരളത്തെപ്പറ്റി കേട്ടിട്ടുണ്ട്. എന്നാൽ കണ്ണൂരിനെക്കുറിച്ച് അറിയില്ല.
കെ.എം. ഷാജി എംഎൽഎയെക്കുറിച്ച് കേട്ടുകേൾവിപോലുമില്ലെന്നും സംഘാംഗങ്ങൾ പറഞ്ഞു. മുംബൈയിൽ എല്ലാ കാര്യങ്ങളും നടക്കും. പക്ഷേ പണം ഇറക്കണം.
വധഭീഷണിയുയർത്തിയുള്ള ഹിന്ദിയിലുള്ള ശബ്ദരേഖ തയാറാക്കാൻ ഇവിടെ ആളുകളുണ്ടെന്നും സംഘം കൂട്ടിചേർത്തു.
മാസക്കൂലിക്ക് സിപിഎം ഓഫീസിൽ ജോലി
കൂടുതൽ ചോദ്യം ചെയ്യലിലാണ് ക്വട്ടേഷൻ സംഘത്തിന്റെ കദനകഥകൾ പോലീസ് സംഘവുമായി പങ്കുവച്ചത്.
ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ് കഴിയുന്നത്. സ്ഥിരമായി ജോലിപോലുമില്ല. കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നു.
അന്തേരി സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ 7500 രൂപ മാസശന്പളത്തിൽ പണിയെടുത്തതായും സംഘാംഗങ്ങൾ പറഞ്ഞു. നിലവിൽ ചേരിയിൽ തൊഴിലാളികളായി ജോലി ചെയ്യുകയാണ്.
മാസം 7000 രൂപ കൂലിയായി ലഭിക്കും. കൂടാതെ അല്ലറ ചില്ലറ പരിപാടികളുമായി മുന്നോട്ട് പോകുന്നു – സംഘാംഗം പറഞ്ഞു.
ഉത്തർപ്രദേശിലെ ഉന്നാവ സ്വദേശിയായ യൂനസിനൊപ്പം അന്തേരിയിൽ ജോലി ചെയ്തിട്ടുണ്ട്.
ക്വട്ടേഷൻ പണിക്കു പോയാൽ ലക്ഷങ്ങൾ ലഭിക്കുമെങ്കിൽ ഇത്രയും ചെറിയ ശന്പളത്തിൽ ജോലി ചെയ്യുമോ സാർ – സംഘാംഗങ്ങളിലൊരാൾ പോലീസിനോടു ചോദിച്ചു.
“പലപ്പോഴും പട്ടിണിയാണ്.
എന്നാൽ മുംബൈയിൽ അഞ്ചു രൂപ മുതൽ ഭക്ഷണം ലഭിക്കുമെന്നതുകൊണ്ടു ജീവിച്ചു പോകുന്നു.”ആളെ കൊല്ലാൻ പോയിട്ടില്ലെന്നും അവർ പറഞ്ഞു.