കോഴിക്കോട്: പ്ലസ്ടുകോഴ അഴിമതിയുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്യും.
കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരാകാന്‍ ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു. അഴീക്കോട് സ്കൂളില്‍ പ്ലസ് ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇഡി ചോദ്യം ചെയ്യുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് മാലൂര്‍ കുന്നില്‍ നിര്‍മിച്ച ആഡംബര വീടിനെക്കുറിച്ചും എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ചിട്ടുണ്ട്.
കോഴ വാങ്ങിയെന്ന് പറയുന്ന കാലഘട്ടത്തിലായിരുന്നു വീട് നിര്‍മിച്ചത്. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അന്വേഷിച്ചത്. വീടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷനാണ് ഇഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നാലു വര്‍ഷം മുമ്പ് ഷാജി നിര്‍മിച്ച വീട് കോര്പറേഷന് അനുമതി നല്കിയതിനേക്കാള് കൂടുതല്‍ വലിപ്പത്തിലാണ് വീട് നിര്‍മിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ വിശദവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് 27 ന് കോര്പറേഷന് അധികൃതര്‍ ഇഡിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു.
അതേസമയം വീടിന്റെ ഉടമയായ ഷാജിയുടെ ഭാര്യയില്‍ നിന്ന് ഇഡി ഇന്ന് വിവരങ്ങള്‍ ശേഖരിക്കും. ചോദ്യം ചെയ്യുന്നതിനായി ഇന്ന് ഹാജരാകാന്‍ ഇഡി നേരത്തെ തന്നെ അറിയിച്ചിരുന്നു.
വീട് സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ചും ഇത് വാങ്ങാനും വീട് നിര്‍മിക്കാനും ഉപയോഗിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇഡി ചോദിച്ചറിയും. ഭാര്യയുടെ പേരിലുള്ള മറ്റു സ്വത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
കോഴ വിവാദത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍ നിന്നും ഇഡി നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
കൂടാതെ, ലീഗ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ 33 പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ലീഗ് പ്രവര്‍ത്തകനായ നൗഷാദ് പൂതപ്പാറയാണ് പരാതിക്കാരന്. സിപിഎം നേതാവായ കുടുവന്‍ പത്മനാഭന് നല്കിയ പരാതിയില്‍ ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.