കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്സാലോജിക്കിനെതിരേ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്ര മാത്രം മുന്നോട്ടുപോകും എന്നത് ഇവരുടെ അന്തർധാര അനുസരിച്ചിരിക്കുമെന്ന് കെ. മുരളീധരന് എംപി. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ ഇഡി നടപടിയുണ്ടാകുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണോ പുതിയ നടപടികളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണം എത്ര മാത്രം മുന്നോട്ടുപോകും എന്നതിൽ സംശയമുണ്ട്. കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ ഇതുവരെ യാതൊരു വിധത്തിലുമുള്ള അന്വേഷണവും നടന്നിട്ടില്ല. അതുകൊണ്ടാണ് അന്തർധാര ഉണ്ടെന്ന് പറയുന്നതെന്ന് മുരളീധരൻ വ്യക്തമാക്കി.
കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞതാണ്. കയറുമെന്നു പറയുന്നതല്ലാതെ ഇതുവരെ കയറിക്കണ്ടില്ല. പില വിഷയങ്ങളിലും ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര വ്യക്തമായിരുന്നു. സ്വർണ്ണകടത്തു കേസ് അതിന് ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ലെന്ന വൃന്ദ കാരാട്ടിന്റെ തുറന്ന് പറച്ചിലിലും മുരളീധരൻ പ്രതികരിച്ചു. മാർക്സിസ്റ്റ് പാർട്ടിയിൽ ഒരിക്കലും സ്ത്രീകൾക്ക് പരിഗണന കൊടുത്തിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രകാശ് കാരാട്ടിന്റെ ഭാര്യ ആയതുകൊണ്ടു മാത്രമാണ് വൃന്ദാ കാരാട്ട് സിപിഎമ്മിന്റെ പരമോന്നത സമിതിയിൽ എത്തിയത്. ഇക്കാര്യത്തിൽ സിപിഎമ്മിനേക്കാൾ ഭേദം സിപിഐയാണെന്നും അദ്ദേഹം പരിഹസിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം യുഡിഎഫിന് കീറാമുട്ടിയാകില്ല. സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. സീറ്റിന്റെ പേരില്‍ മുന്നണിയിൽ തര്‍ക്കമുണ്ടാകില്ലെന്നും കെ.മുരളീധരൻ വ്യക്തമാക്കി.