കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ എംപി.
ജാതിയുടെയും മതത്തിന്റേയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയായ നടപടിയല്ല. എസ്സി-എസ്ടി വിഭാഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് കേരള പദയാത്രയുടെപോസ്റ്ററെന്ന് മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സംസ്ഥാന അധ്യക്ഷൻ എസ്സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന പോസ്റ്ററാണ് വിവാദത്തിന് കാരണമായത്. ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ എത്തിയ പദയാത്രയുടെ വിശദീകരണ പോസ്റ്ററിലാണ് മലബാർ പാലസ് എന്ന പ്രമുഖ ഹോട്ടലിൽ എസ്സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന് അറിയിച്ചത്.
സോഷ്യൽ മീഡിയയിൽ അടക്കം ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. ബിജെപി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റർ പങ്കുവച്ചു. നിരവധി ആളുകൾ പോസ്റ്ററിനെതിരേ വിമർശനവുമായി രംഗത്തെത്തി.