കോഴിക്കോട്: യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് കെ. മുരളീധരൻ എംപി. മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. 53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. അന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് പഴിയും കല്ലേറും നേരിടേണ്ടി വന്നിരുന്നു. ആ കെ. കരുണാകരന്റെ മകന് ഒരിക്കലും ലീഗുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാനല്ലാതെ ശ്രമിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സീറ്റ് തർക്കത്തിൽ പ്രതികരിച്ച ഇ. പി. ജയരാജനെയും മുരളീധരൻ പരിഹസിച്ചു. മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ കണ്ണീരൊഴുക്കണ്ട. ആര്‍ജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെ.അതിന് ശേഷം കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.
കെ. സുധാകരന്റെ പദപ്രയോഗത്തിലും മുരളീധരൻ പ്രതികരിച്ചു. കെ. സുധാകരന്റേത് മുഴുവൻ വാക്യമാണെങ്കിൽ തമിഴ് ഭാഷയിൽ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കിൽ മൈ ഡിയര്‍ എന്ന് വിശേഷിപ്പിക്കാം. ഇതൊന്നും വഴക്കിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.