തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. കേന്ദ്ര ഏജന്‍സികള്‍ മാത്രം അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും മുരളീധരന് പ്രതികരിച്ചു.
സാധാരണയായി ഇത്തരം ആരോപണം ഉയരുമ്പോള്‍ കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നാണ് എല്ലാവരും പറയുക. എന്നാല്‍ രാഷ്ട്രീയപരമായി നേരിടുമെന്നാണ് എം.വി.ഗോവിന്ദന് പറഞ്ഞത്. കേസിനെ നിയമപരമായി നേരിടാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ മകള്‍ക്കുവേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സിപിഎം കുരുതി കൊടുക്കും. തൃശൂരില്‍ ബിജെപിക്ക് ജയിക്കാന്‍ സിപിഐയെ ബലികൊടുക്കുമെന്നും മുരളീധരന് ആരോപിച്ചു.
സിപിഎം-ബിജെപി അന്തര്‍ധാരയുണ്ടെന്ന് മുരളീധരന് ആരോപിച്ചു. മോദിക്ക് മുന്നില്‍ പിണറായി അനുസരണയുള്ള കുട്ടിയായി മാറി. തൃശൂരിൽ സിപിഎം സിപിഐയെ കുരുതി കൊടുക്കാൻ തീരുമാനിച്ചു. ഇനി ബാക്കി ഘടക കക്ഷികളെ എവിടെ കുരുതി കൊടുക്കുമെന്നത് തെരഞ്ഞെടുപ്പിൽ കാണാം. സിപിഎം–ബിജെപി അന്തർധാര വ്യക്തമായി കഴിഞ്ഞു. അതാണ് വിമാനത്താവളത്തിലും മറ്റും കാണാനായത്. ഇത്രയും അനുസരണയുള്ള കുട്ടിയായിട്ട് മുഖ്യമന്ത്രിയെ ആദ്യമായിട്ട് കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.