കയ്പമംഗലം: ആക്രമണകാരിയായ ചുവന്ന ചെവിയുള്ള സ്ലൈഡർ ആമയെ മതിലകത്ത് കണ്ടെത്തി.
മതിലകം പഞ്ചായത്ത് ഓഫീസിനു പുറകിലുള്ള കുളത്തിനു സമീപമാണ് നാട്ടുകാർ ചുവന്ന ചെവിയൻ വിഭാഗത്തിൽപ്പെട്ട ആമയെ കണ്ടത്.
ആമയെ ഫോറസ്റ്റ് വന്യജീവി സംരക്ഷകൻ ഹരി ഇപ്പോൾ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശാസ്ത്രീയമായി ട്രാക്കെമിസ് സ്ക്രിപ്റ്റ എലിഗൻസ്’ എന്ന് വിളിക്കപ്പെടുന്ന ചുവന്ന ചെവിയുള്ള ഈ സ്ലൈഡർ ആമ ജലത്തിലെ സസ്യ ജീവികളെയും നാടൻ ആമകളെയും ഇല്ലാതാക്കുകയും ആവാസ വ്യവസ്ഥിതിയെ നശിപ്പിക്കുന്നതാണെന്ന് പറയപ്പെടുന്നു.
കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പറയുന്നു.
അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ ഇത്തരം ആമ വംശത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല.
വേഗത്തിൽ വളരുകയും കൂടുതൽ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യും.
സസ്യങ്ങളും മത്സ്യവും അപൂർവ ഇനം തവളകളുൾപ്പടെ വിവിധതരം ജലജീവികളെ ഇവ ഭക്ഷണമാക്കും.
ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പല സ്ഥലങ്ങളിലും ഈ ആമകളെ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ഈ വിഭാഗത്തിലുള്ള ആമ എങ്ങനെ ഇവിടെ കണ്ടെത്തിയെന്ന കൗതുകത്തോടൊപ്പം മറ്റു പഠനങ്ങൾക്കായി ശാസ്ത്രജ്ഞമാർക്കു ആമയെ കൈമാറുമെന്ന് ഹരി മതിലകം പറഞ്ഞു.