മാങ്കാംകുഴി: മതേതര ഇന്ത്യയിൽ കശാപ്പ് നിരോധനം ഏർപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കം വർഗീയ ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണന്ന് ആർ രാജേഷ് എംഎൽഎ. കേരളാ മുസ്ലീം യുവജന ഫെഡറേഷൻ വെട്ടിയാർ നാലുമുക്കിൽ സംഘടിപ്പിച്ച റംസാൻ റിലീഫിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെ പോലും കശാപ്പ് ചെയ്യാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഫാസിസ്റ്റ് നടപടികളിലൂടെ വ്യക്തി സ്വാതന്ത്ര്യത്തിനും സംസ്ഥാനത്തിന്റെ വിവേചന അധികാരങ്ങൾക്കും മേലെ കടന്നുകയറാനുള്ള ഏത് നീക്കത്തെയും ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കാൻ കഴിയണമെന്നും എംഎൽഎ പറഞ്ഞു. കെഎംവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡുകളുടെ വിതരണവും എംഎൽഎ നിർവഹിച്ചു. ദക്ഷിണ കേരളാ ലജനത്തുൽ മുഅല്ലിമീൻ ചാരുംമൂട് മേഖലാ പ്രസിഡന്റ് എ.ആർ. താജുദീൻ മൗലവി റംസാൻ കിറ്റ് വിതരണം നിർവഹിച്ചു. ഹാമിദ് ഖാൻ ബാഖവി ബദർ അനുസ്മരണ പ്രഭാഷണം നടത്തി. കഐംവൈഎഫ് ജില്ലാ സെക്രട്ടറി എസ്. മുജീബ് റഹ്മാൻ, വെട്ടിയാർ കിഴക്ക് ജമാഅത്ത് പ്രസിഡന്റ് നജീബ് പള്ളിമലയിൽ,സെക്രട്ടറി ഷൗക്കത്തലി, നൈസാം, അർഷാദ് കബീർ, ഷഹനാസ് എന്നിവർ പ്രസംഗിച്ചു.