തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. കോവിഡ് മൂലമുണ്ടായ നികുതി വരുമാന നഷ്ടം പരിഹരിക്കാനുള്ള ശ്രമം ബജറ്റിലുണ്ടാകും. തുടർ ഭരണ സാഹചര്യത്തിൽ തുടർ ബജറ്റാകും അവതരിപ്പിക്കുക.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി സംസ്ഥാനം ലോക്ഡൗണിലാണ്.വ്യാപാര- വാണിജ്യ- സാന്പത്തിക മേഖലയാകെ തകർച്ച നേരിടുകയാണ്. എല്ലാ മേഖലയുടെയും ഉത്തേജനത്തിനായി സാന്പത്തിക പാക്കേജ് ആവശ്യമാണെന്ന വാദം ശക്തമാണ്.
കോവിഡ് ഒന്നാം തരംഗത്തിൽ സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിനേക്കാൾ കൂടുതൽ തളർച്ച നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ സാന്പത്തിക ഉത്തേജക നടപടികൾ വേണമെന്ന ആവശ്യം സാന്പത്തിക മേഖല മുന്നോട്ടു വച്ചിട്ടുണ്ട്.
ഇതോടൊപ്പം ഒക്ടോബറോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മുന്നൊരുക്കം നടത്താൻ ആരോഗ്യ മേഖലയേയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യ മേഖലയ്ക്കായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തിന്റെ സാന്പത്തിക കമ്മി മറികടക്കാൻ കേന്ദ്രം പ്രഖ്യാപിച്ച 16,600 കോടി രൂപയുടെ റവന്യു കമ്മി ഗ്രാന്റിന്റെ ഗഡുക്കളും വൈകാതെ ലഭിക്കുമെന്നാണു പ്രതീക്ഷ. ചരക്കു സേവന നികുതിക്കു പുറത്തുള്ള നികുതി വരുമാന വർധനയ്ക്കുള്ള സാധ്യതകളും പരിശോധിച്ചേക്കും.