തിരുവനന്തപുരം: ശന്പളം ലഭിക്കാത്തതിനെ തുടർന്ന് സർക്കാർ ജീവനക്കാർ ജീവൻമരണ സമരത്തിലേക്കു കടക്കുന്നതിനിടെ ബജറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് ഒരുക്കുന്ന വിരുന്നു സത്കാരം വിവാദത്തിലേക്ക്. ധന- നികുതി, ജിഎസ്ടി, സെക്രട്ടേറിയറ്റ് ധന വിഭാഗം, സർക്കാർ പ്രസ് ഉദ്യോഗസ്ഥർക്ക് അടക്കം 750ഓളം പേർക്കാണ് ധനമന്ത്രി ഇന്നു വിരുന്നൊരുക്കുന്നത്.
അഞ്ചു ലക്ഷത്തോളം രൂപയാണ് വിരുന്നിനു ചെലവു കണക്കാക്കുന്നത്. ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ വിരുന്നിനായി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി മുതൽ മുകളിലോട്ട് 100ഓളം ഉദ്യോഗസ്ഥരാണ് ധനവകുപ്പിലുള്ളത്.
അതേസമയം, ‘ആദ്യം ശന്പളം തരൂ, വിരുന്നു പിന്നീടാകാ’മെന്ന പ്രതികരണവുമായി വിവിധ പ്രതിപക്ഷ സംഘടനകളുടെ സംയുക്ത വേദിയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ രംഗത്ത് എത്തി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശന്പളം എത്തിച്ചിട്ടാവണം ധനമന്ത്രി ബജറ്റ് തയാറാക്കിയ ഉദ്യോഗസ്ഥർക്ക് ഉച്ചവിരുന്ന് ഒരുക്കേണ്ടതതെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു.
ബജറ്റ് തയാറാക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ് വിരുന്നൊരുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലാണ് വിരുന്ന്. വിരുന്നിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരെ ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പ്രത്യേക ബസും ഏർപ്പെടുത്തി. 32 ഇനം വിഭവങ്ങൾ ആണ് ഭക്ഷണത്തിന് ഒരുക്കിയിരിക്കുന്നത്.
ബജറ്റ് തയാറാക്കിയ ഉദ്യോഗസ്ഥർക്ക് വിരുന്നിനു പുറമെ പ്രത്യേക അലവൻസും നൽകും. തസ്തികയുടെ സ്വഭാവം അനുസരിച്ച് 10,000 മുതൽ 50,000 രൂപ വരെ അലവൻസായി ഉദ്യോഗസ്ഥർക്ക് ലഭിക്കാറുണ്ട്.
സ്വന്തം ലേഖകൻ