സ്വന്തം ലേഖകന്‍
കോഴിക്കോട്: ആർഎസ്എസ് വേദി പങ്കിട്ട മുന്‍ എംഎല്‍എ കെ.എൻ.എ. ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം.
വീഡിയോ സന്ദേശത്തിലെ വിശദീകരണമാണ് പാർട്ടി തള്ളിയത്. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും.
വിളിച്ചെന്നു കരുതി പോകാമോ?
കെ.എൻ.എ. ഖാദറിന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ആരെങ്കിലും എങ്ങോട്ടെങ്കിലും വിളിച്ചാൽ അങ്ങോട്ടേയ്ക്ക് ഓടിച്ചെല്ലുന്നവരാകരുത് ലീഗുകാരെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ഖാദറിനുള്ള പരോക്ഷ മറുപടിയായി വിലയിരുത്തപ്പെടുന്നു. ഇതോടെ നടപടി എന്താകുമെന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്.
സാംസ്കാരിക സമ്മേളനത്തിലാണ്…
കോഴിക്കോട് ചാലപ്പുറത്തെ കേസരിയിൽ സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിലാണ് കെ.എൻ.എ. ഖാദർ പങ്കെടുത്തത്. വിവാദങ്ങൾക്ക് പിന്നാലെ കെ.എൻ.എ. ഖാദർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
ആർഎസ്എസ് പരിപാടിയിലല്ല താൻ പങ്കെടുത്തതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാൽ ഇത് പൂർണമായും ലീഗ് നേതൃത്വം തള്ളി.
വിളിച്ചു, പോയി
കെ.എൻ.എ. ഖാദർ ആർഎസ്എസ് വേദിയിൽ തന്നെയാണ് എത്തിയതെന്നും ആർഎസ്എസിന്റെ സംസ്ഥാന പ്രചാർ പ്രമുഖും കേസരിയുടെ എഡിറ്ററുമായ ഡോ. എൻ.ആർ. മധു നേരിട്ട് വിളിച്ചതനുസരിച്ചാണ് മുന്‍എംഎല്‍എ പരിപാടിയില്‍ പങ്കെടുത്തതെന്നും വ്യക്തമായതോടെ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്ന ചിന്തയിലാണ് ലീഗ് നേതൃത്വം.
കെ.എൻ.എ. ഖാദറിനെ ആർഎസ്എസ് ദേശീയ നേതാവ് ജെ. നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.
ഖാദർ പറഞ്ഞത്
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് വേദിയിൽ ഖാദർ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരിൽ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആർഎസ്എസ് ബൗദ്ധികാചാര്യൻ ജെ. നന്ദകുമാർ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ഖാദറിന്റെയും പ്രസംഗം.
നയത്തിന് എതിരെന്ന്
വിഷയത്തിൽ മുസ്ലിംലീഗ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഭവം പാർട്ടി നയത്തിന് എതിരാണെന്ന് എം.കെ. മുനീർ തുറന്നടിച്ചതോടെ വിവാദം കൊഴുത്തു.
വിഷയം പാർട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം.സി. മായിൻ ഹാജിയും വ്യക്തമാക്കി. ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന് മുസ്ലിം ലീഗ് നേതാക്കൾക്ക് വിലക്കുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.