കണ്ണൂർ: വിശ്വാസികളെയും വിശ്വാസത്തെയും ചൂഷണം ചെയ്തു രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് കെ.എൻ.എ. ഖാദർ എംഎൽഎ. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വിശ്വാസത്തിനനുസരിച്ച് നിയമനിർമാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നിരിക്കെ അത് ചെയ്യാതെ ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഇരു സർക്കാരുകളും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ലോകസഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ ശബരിമലയെ കലാപ ഭൂമിയാക്കരുത്. സംഘപരിവാർ-ബിജെപി കാപട്യവും പിണറായി സർക്കാരിന്റെ ഗൂഢ ലക്ഷ്യം ജനങ്ങൾ തിരിച്ചറിയുക എന്നീ കാര്യങ്ങൾ ഉയർത്തിക്കാട്ടി സ്റ്റേഡിയം കോർണറിൽ നടക്കുന്ന യുവജന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരത എന്നത് മതേതരത്വത്തേക്കാൾ വലുതാണ്. ജനങ്ങൾക്ക് തങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇതിൽ പ്രധാനമാണ്. പല ക്ഷേത്രങ്ങളിലും വിവിധ ആചാരങ്ങളാണ് അനുഷ്ഠിച്ചുപോരുന്നത്. അതാണ് നമ്മുടെ വൈവിധ്യമെന്നും സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അവകാശമാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ അജണ്ടയെങ്കിൽ സർക്കാർ സർവീസിൽ 50 ശതമാനം സംവരണം സ്ത്രീകൾക്ക് ഏർപ്പെടുത്തണം.
എല്ലാ പെൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം അനുവദിക്കണം. സൗജന്യമായി വീട് നിർമിച്ചുനൽകുന്പോൾ 50 ശതമാനം സ്ത്രീകൾക്കായി മാറ്റിവയ്ക്കണം. അല്ലാതെ ഇക്കാര്യങ്ങളൊന്നും ചെയ്യാതെ ശബരിമലയിലേ ഇടിച്ചുകയറാനുള്ള അവകാശം നൽകലല്ല സ്ത്രീസ്വാതന്ത്ര്യമെന്ന് ഭരണാധികാരികൾ മനസിലാക്കണമെന്നും കെ.എൻ.എ ഖാദർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തുണ്ടായ പ്രളയദുരിതത്തെ തുടർന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിച്ച എൽഡിഎഫ് സർക്കാരിന് ശബരിമല വിധിയോടെ അന്ത്യകൂദാശയാണ് വന്നിരിക്കുന്നത്. വിശ്വാസങ്ങളില്ലെന്നും സ്ത്രീ-പുരുഷ സമത്വമാണ് ഉയർത്തിക്കാട്ടുന്ന കോടതികൾ പിന്നെ എന്തിനാണ് പൂജ ഹോളിഡേക്ക് അടിച്ചിടുന്നതെന്നും കെ.എൻ.എ. ഖാദർ ചോദിച്ചു.
റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ, മാർട്ടിൻ ജോർജ്, എ.പി. അബ്ദുള്ളക്കുട്ടി, അമൃത രാമകൃഷ്ണൻ, അഡ്വ. ലിഷ ദീപക്, സി.ടി. ഗിരിജ, ജോഷി കണ്ടത്തിൽ, റഷീദ് കവ്വായി തുടങ്ങിയവർ പങ്കെടുത്തു. വൈകുന്നേരം നടക്കുന്ന സമാപനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും.