ചീമേനി: ക്രൈം സീനിൽ പ്രതികളുടെ വിരലടയാളങ്ങൾ ഒന്നുമില്ല. ഇതരസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും എങ്ങുമെത്തിയില്ല.
പോലീസിനെ ഏറെ കുഴപ്പിച്ച കേസായിരുന്നു പുലിയന്നൂരിലെ ജാനകി ടീച്ചറുടെ കൊലപാതകം. ഇതരസംസ്ഥാന
തൊഴിലാളികളെയും ആക്രി കച്ചവടം നടത്തുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പിന്നീട് അന്വേഷണം പ്രാദേശികതലത്തിൽ കേന്ദ്രീകരിക്കുകയായിരുന്നു.
ഗ്രാമത്തിലേക്കു വന്നതും പോയതുമായ ഫോൺകോളുകളും പ്രദേശവാസികളുടെ വിരലയാളങ്ങളും പരിശോധിച്ചെങ്കിലും യാതൊരു തുന്പും ലഭിച്ചിരുന്നില്ല.
എന്നാൽ ഇതിനിടെ തന്റെ മകന്റെ പക്കൽനിന്ന് 66,000 രൂപയും ജ്വല്ലറിയിൽ സ്വർണം വിറ്റതിന്റെ ബില്ലും കണ്ടെത്തിയതായി ഒരാൾ പോലീസിനെ അറിയിച്ചത് അന്വേഷണത്തിൽ നിർണായകമായി.
ഒന്നാം പ്രതി വിശാഖിന്റെ അച്ഛനാണ് പോലീസിൽ വിളിച്ചുപറഞ്ഞത്. അന്വേഷണത്തിൽ സുഹൃത്തുക്കളായ അരുണിനെയും റിനീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.
സ്വർണം വിൽക്കാൻ കണ്ണൂരിലെ ജ്വല്ലറിയിൽ പോയപ്പോൾ മൊബൈൽ ടവർ ലൊക്കേഷൻ വഴിത്തിരിവായി.
കൃഷ്ണന്റെ കൈകൾ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടിൽനിന്ന് ഒന്നും മൂന്നും പ്രതികളുടെ ഡിഎൻഎയും ലഭിച്ചിരുന്നു.
ജാനകിയുടെ വായിൽ ഒട്ടിച്ച ടേപ്പും ഇവർ ഉപയോഗിച്ച മുഖംമൂടിയും നീലേശ്വരത്തെ കടയിൽനിന്നു വാങ്ങിയതാണെന്ന് തെളിഞ്ഞു.
സംഭവം നടന്ന് 70 ദിവസത്തിനുശേഷം യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാരും പോലീസും ഒരുപോലെ ഞെട്ടി.
അന്വേഷണവേളയിൽ പോലീസിനെ സഹായിക്കുവാൻ നാട്ടുകാർക്കൊപ്പം പ്രതികളുമുണ്ടായിരുന്നു.
ദുബായിൽ ജോലി ചെയ്തിരുന്ന വിശാഖ് നാട്ടിലെത്തിയപ്പോൾ 17,000 രൂപയുടെ ആവശ്യത്തിനാണ് സുഹൃത്തുക്കൾക്കൊപ്പം മോഷണം നടത്താൻ പദ്ധതിയിടുന്നത്.
രണ്ടാം പ്രതി റിനീഷ് പത്രവിതരണക്കാരനായിരുന്നു. ഇയാളാണ് കവർച്ചയ്ക്കായി ഈ വീട് തെരഞ്ഞെടുത്തതെന്ന് അന്നത്തെ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞിരുന്നു.
എന്നാൽ റിനീഷിന്റെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ ഇയാളെ വെറുതേ വിടുകയായിരുന്നു.
സംഭവദിവസം തൊട്ടടുത്ത പ്രദേശമായ ചീര്‍ക്കുളത്തെ ധര്മശാസ്താക്ഷേത്രത്തില് അയ്യപ്പന് വിളക്ക് നടക്കുകയായിരുന്നു.
പ്രദേശവാസികള്‍ അയ്യപ്പന് വിളക്കിന് പോയ സമയം നോക്കിയാണ് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘം കവർച്ച നടത്തുന്ന സമയത്ത് ശബ്ദം കേട്ടാണ് ജാനകി എഴുന്നേറ്റു പോയി നോക്കിയത്.
ഈ സമയം വിശാഖിന്റെ മുഖംമൂടി ഊർന്നുവീണു. തങ്ങളെ തിരിച്ചറിഞ്ഞ ജാനകിയെ ഇവർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഭർത്താവ് കൃഷ്ണനെയും കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചു.
ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന 23 പവന് സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവയുമായി പ്രതികൾ കടന്നുകളഞ്ഞു.
കഴുത്തിന് കുത്തേറ്റ കൃഷ്ണന് ചീമേനി പോലീസ് സ്റ്റേഷനിലും മരുമകനെയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് പ്രദേശവാസികളും ചീമേനി പോലീസും സ്ഥലത്തെത്തുകയും ചെയ്തു. വീടിനുള്ളില്‍ കഴുത്ത് മുറിഞ്ഞ് രക്തത്തിൽ കുളിച്ച് സോഫയില്‍ ബോധമില്ലാതെ കിടക്കുന്ന ജാനകിയെ വായയും മുഖവും പ്ലാസ്റ്റര്‍ കൊണ്ട് ബന്ധിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അടുത്ത മുറിയിൽ ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന് കഴുത്തിന് കുത്തേറ്റ് രക്തത്തിൽ കുളിച്ച് അവശനായി കിടക്കുകയായിരുന്നു. കൃഷ്ണനെ പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു.