തലശേരി: ചിറക്കര പുല്ലമ്പിൽ റോഡിൽ രണ്ട് വീടുകൾ തകർത്ത് കവർച്ച. ഇന്നു പുലർച്ചെ മൂന്നിനാണ് സംഭവം. ഒരു വീട്ടിലുള്ള അധ്യാപികമാരായ രണ്ട് പേരുടെ കഴുത്തിൽ നിന്നും ഏഴ് പവൻ വരുന്ന താലിമാലകൾ പൊട്ടിച്ചെടുത്തു.
വീട്ടിലുണ്ടായിരുന്ന പേഴ്സുകളും പതിനായിരം രൂപയും കവർന്നു.സംഭവത്തിൽ വീട്ടമ്മയുടെ കഴുത്തിന് പരിക്കേറ്റു.തൊട്ടടുത്ത വീട്ടിൽ നിന്നും ബെഡ് ഷീറ്റും കസേരയുടെ കുഷ്യനുമാണ് കവർന്നത്. സംഭവത്തിൽ കുഞ്ഞാംപറമ്പ് യുപി സ്കൂൾ അധ്യാപിക ശ്രുതി ഹൗസിൽ പ്രമജ (50)യുടെ കഴുത്തിനാണ് പരിക്കേറ്റത്.
മോഷ്ടാവിന്റെ നഖം കൊണ്ടാണ് കഴുത്തിന് മുറിവേറ്റത്. പ്രമജ ആശുപത്രിയിൽ ചികിത്സ തേടി. പ്രമജയുടേയും ഭർതൃമാതാവ് റിട്ട.അധ്യാപിക രാജമ്മ ടീച്ചറുടേയും താലിമാലകളാണ് കവർന്നത്. മാല കൊണ്ടു പോയ മോഷ്ടാവ് താലി വീട്ടിൽ ഉപേക്ഷിച്ചു.
വീടിന്റെ പിൻഭാഗത്തെ ഗ്രിൽസും അടുക്കള വാതിലും തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. തൊട്ടടുത്ത അജിത്ത് മാഷിന്റെ വീടിന്റെ വാതിൽ തകർത്താണ് ബെഡ്ഷീറ്റും മറ്റും കവർന്നത്. പൊക്കം കുറഞ്ഞ ഉരുണ്ട ശരീരമുള്ള ഷർട്ട് ധരിക്കാത്തയാളാണ് കവർച്ച നടത്തിയതെന്ന് പ്രമജ ടീച്ചർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.