തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് നൽകിയത്. 20 കോടി രൂപ സഹായമായും നൽകി.
കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനുമുൾപ്പെടെയുള്ള തുക മുടക്കം കൂടാതെ വിതരണം ചെയ്യുന്നതിനായി ഈ മാസം ആദ്യ വാരത്തിൽ 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ 20 കോടി കൂടി നൽകിയത്.
പ്രതിമാസം 50 കോടി രൂപയെങ്കിലും ഇതിനുവേണ്ടിമാത്രം കോര്പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ധനവകുപ്പ് പറയുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയതെന്നും ബാലഗോപാൽ അറിയിച്ചു.