തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ വിമർശിച്ച് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെന്റില് കണ്ടത്. ഇതിനു പിന്നിൽ എന്ത് രാഷ്ട്രീയമാണെന്ന് മനസിലാകുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസംഡിഎംകെ അംഗം കനിമൊഴി കേരളവും തമിഴ്നാടും ഉൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ സംസാരിച്ചതിനിടെ സുരേഷ്ഗോപിയുടെ ആംഗ്യം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.
കേരളത്തിന് സഹായം ചെയ്യുന്നില്ലന്ന് മാത്രമല്ല അപഹസിക്കുകയും ചെയ്യുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ നടപടി അങ്ങേയറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മുറിവിൽ മുളക് തേക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരധിവാസത്തെ ബാധിക്കില്ല. പുരോഗമനപരവും മാതൃകാപരവുമായ രീതിയിലായിരിക്കും പുനരധിവാസമെന്നും ബാലഗോപാൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് റോളില്ലാത്തതാകാം അവഗണനയ്ക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു.