അന്പലപ്പുഴ: യുവതിയുടെ ജീവൻ നിലനിർത്താൻ 30 ലക്ഷം രൂപ ഇന്നു സമാഹരിക്കാനൊരുങ്ങി നാട്.
കാക്കാഴം വെള്ളംതെങ്ങിൽ ആർ. സജിമോന്റെ ഭാര്യ ജീജ(33)യുടെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായാണ് ഈ തുക സമാഹരിക്കുന്നത്.
ഇരുവൃക്കകളും തകരാറിലായ ജീജ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തുടക്കത്തിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും രോഗം കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇരു വൃക്കയും തകരാറിലായതു കണ്ടുപിടിച്ചത്.
ജീവൻ നിലനിർത്താൻ അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ചെലവാകുന്ന 30 ലക്ഷം രൂപ സമാഹരിക്കാനൊരുങ്ങുകയാണ് നാട്.
മത്സ്യത്തൊഴിലാളിയായ ഭർത്താവിന്റെ വരുമാനം മാത്രമാണ് ഈ കുടുംബത്തിന് ആശ്രയം.
രണ്ടുകുട്ടികളും വൃദ്ധ മാതാവുമടങ്ങുന്ന കുടുംബം കാരുണ്യമതികളുടെ കനിവിനെ ആശ്രയിക്കുകയാണ്.
ജീജയുടെ പേരിൽ എച്ച്. സലാം എംഎൽഎ ചെയർമാനും യു. രാജുമോൻ ജനറൽ കണ്‍വീനറുമായി രൂപീകരിച്ച ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിൽ 30 ലക്ഷം രൂപ സമാഹരിക്കാനായി ഇന്ന് അന്പലപ്പുഴ തെക്ക് പഞ്ചായത്തിലെ നാലു വാർഡുകളിലും വടക്ക് പഞ്ചായത്തിലെ ഒന്‍പതു വാർഡുകളിലുമായി ധനസമാഹരണം നടക്കുകയാണ്.
സാധാരണ കുടുംബം 500 രൂപയും മറ്റുള്ളവർ പരമാവധി തൂകയും നൽകി സഹകരിക്കണമെന്ന് സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.
82 സ്ക്വാഡുകളിലായി 600 ഓളം പേരാണ് ധനസമാഹരണത്തിൽ പങ്കെടുക്കുന്നത്. ജീജയെ സഹായിക്കാൻ സൻമനസുള്ളവർ ധനലക്ഷ്മി ബാങ്ക് അന്പലപ്പുഴ ശാഖയിലെ 027305300005792 എന്ന അക്കൗണ്ട് നന്പരിൽ സഹായം നൽകുക. ഐഎഫ്എസ്ഇ കോഡ് DLXBOOOO273.