വിഴിഞ്ഞം: തട്ടുകടയിൽ ആഹാരം കഴിക്കാനെത്തിയ കൊലക്കേസ് പ്രതിയും കൂട്ടാളികളും വിലയെ ചൊല്ലി തർക്കവും കത്തി വീശലും നടത്തി. കണ്ടുനിന്ന നാട്ടുകാർ മൂവർസംഘത്തെ പിടികൂടി തല്ലിച്ചതച്ചു.
കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാവുകയും ജയിലിൽ നിന്ന് അടുത്ത കാലത്ത് പുറത്തിറങ്ങുകയും ചെയ്ത വിഴിഞ്ഞം സ്വദേശി എഡ്വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടുകടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ എഡ്വിൻ ഓടി രക്ഷപ്പെട്ടു. കൂട്ടാളികളായ മുട്ടയ്ക്കാട് സ്വദേശി സനൽ ,ഷിബു, സുനിൽ എന്നിവരെയാണ് നാട്ടുകാർ വളഞ്ഞു വച്ച് തല്ലിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ വിഴിഞ്ഞം നോ മാൻസ് ലാന്റിലെ തട്ടുകടയിലാണ് സംഘമെത്തിയത്.
ഭക്ഷണം കഴിച്ച ശേഷമുള്ള ബില്ലിൽ വന്ന സംശയമാണ് പ്രശ്നത്തിലേക്ക് വഴിതെളിച്ചതെന്ന് പോലീസ് പറയുന്നു.സംശയം വാക്കേറ്റത്തിൽ കലാശിച്ചതോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാൽവർ സംഘം കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വിട്ടമ്മയുടെ മകനെ കുത്താൻ ശ്രമിച്ചു. ബഹളം കേട്ട് സീസൺ പ്രമാണിച്ച് വിവിധ സ്ഥലങ്ങളിൽ നിന്ന് മീൻപിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികൾ സ്ഥലത്തെത്തി.ആക്രമണം അഴിച്ച് വിട്ട യുവാക്കളെ തടഞ്ഞ് വച്ച നാട്ടുകാർ തല്ലി. അവശയായ യുവാക്കളെ വിവരമറിഞ്ഞെത്തിയ പോലീസ് രക്ഷിച്ചു.
തുടർന്ന് വീട്ടുകാരെ വിളിച്ച് വരുത്തിയ പോലീസ് മൂന്ന് പേരെയും വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സക്കായി ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കടക്കാരുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പോലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല.