ന്യൂഡൽഹി: സ്കൂൾ യൂണിഫോമിലെത്തിയ കൗമാരക്കാർ രാജ്യതലസ്ഥാനത്ത് ഓടുന്ന ബസിൽ യുവാവിനെ കഴുത്തുമുറിച്ചു കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് നാലോടെ ഡൽഹിയിൽനിന്നു ബദർപൂരിലേക്കു പോകുന്ന ബസിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിനുശേഷം കൗമാരക്കാൻ രക്ഷപ്പെട്ടു.
ലജ്പത്നഗറിൽ നിന്നാണ് കൊല്ലപ്പെട്ട യുവാവ് ബസിൽ കയറിയത്. ബസ് ആശ്രമം ചൗക്കിലെത്തിയപ്പോൾ സ്കൂൾ യൂണിഫോം ധരിച്ച ആറ് ആണ്‍കുട്ടികൾ ബസിൽ കയറി. കുറച്ചുസമയത്തിനുശേഷം കൗമാരക്കാർ തന്റെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവ് കുട്ടികളുമായി തർക്കമുണ്ടായി. ഇതേതുടർന്ന് സംഘത്തിലുണ്ടായിരുന്ന ഒരു കൗമാരക്കാരൻ കത്തിയെടുത്ത് യുവാവിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. യുവാവ് തത്സമയം മരിച്ചു. ഇതിനുപിന്നാലെ കുട്ടികൾ ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
പ്രതികളായ കൗമാരക്കാരെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണെന്നു പോലീസ് അറിയിച്ചു. പ്രദേശത്തെ സർക്കാർ സ്കൂളുകളിലെ യൂണിഫോം അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർ വിദ്യാർഥികളാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.