മൂവാറ്റുപുഴ: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്താനെത്തിയ നാടോടി സംഘത്തിനായി അന്വേഷണം ഊർജിതമാക്കി പോലീസ്.
കടാതി നടുക്കുടിയിൽ എൻ.എൻ. ബിജുവിന്റെ വീട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു മോഷണ ശ്രമമുണ്ടായത്.
നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് പറഞ്ഞു.
വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്തുന്ന സംഘമാണിത് എന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.
ഇവർ അത്യാധുനിക രീതിയിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്നതായാണ് വിവരം.
സംഭവത്തിൽ അരപ്പവന്റെ മോതിരവും 800 രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു. പോലീസ് വീട്ടിൽ എത്തി വിശദമായ പരിശോധന നടത്തി.
ഇവർ വീട്ടിൽ കയറിയപ്പോൾ വീടിനു മുന്നിലുണ്ടായിരുന്ന നായ് കുരയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സംശയം ഉയർന്നിട്ടുണ്ട്.
വീടിനു പിന്നിലെ അടച്ചിട്ടിരുന്ന വാതിൽ തുറന്ന നിലയിലായിരുന്നു. മോഷ്ടാക്കളുടെ സംഘങ്ങൾ നാട്ടിലിറങ്ങിയിട്ടുണ്ടെന്ന ഭീതി ഉയർന്നിരിക്കുന്നതിനിടെയാണ് നാടോടി സംഘത്തിന്റെ മോഷണം.
മോഷണ സംഘത്തെ ഉടനെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
‘ആക്ഷൻ ഷീറോ’ കൃഷ്ണ
മൂവാറ്റുപുഴ: പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമിച്ചു മോഷണം നടത്താനെത്തിയ നാടോടി സംഘത്തെ നേരിട്ട് നിയമ വിദ്യാർഥിനി.
മൂവാറ്റുപുഴയിൽ ബൈക്ക് ഷോറൂം നടത്തുന്ന കടാതി നടുക്കുടിയിൽ എൻ.എൻ. ബിജുവിന്റെ വീട്ടിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു അക്രമമുണ്ടായത്.
വീട്ടിൽ മകൾ കൃണ്ഷ മാത്രമേ ഉണ്ടായിരുന്നുള്ളു. ഓൺലൈൻ ക്ലാസിനിടെ അമ്മയുടെ മുറിയിൽനിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അവിടെ അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെ കൃഷ്ണ കണ്ടത്.
സ്വർണാഭരണം വച്ചിരുന്ന ആഭരണപ്പെട്ടിയും പഴ്സും സ്ത്രീയുടെ കൈയിലുണ്ടായിരുന്നു. ഇതേസമയം ഇവർ ബ്ലൂ ടൂത്ത് ഹെഡ് ഫോണിലൂടെ മറ്റൊരാളോട് ആശയ വിനിമയം നടത്തിയിരുന്നതായും കൃഷ്ണ പറഞ്ഞു.
ഇവരിൽനിന്ന് ആഭരണവും പഴ്സും പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീടനകത്തുകിടന്ന വടി എടുത്ത് സ്ത്രീയെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ ഇവർ കൃഷ്ണയുടെ കാലിൽ പ്രത്യേക രീതിയിൽ പിടിമുറുക്കുകയായിരുന്നു.
ഇതോടെ അൽപ നേരം കൃഷ്ണയ്ക്ക് നടക്കാൻ കഴിയാതെ ആയി. എങ്കിലും ഏറെ ആയാസപ്പെട്ടു സ്ത്രീയിൽനിന്ന് ആഭരണപ്പെട്ടി കൃഷ്ണ പിടിച്ചുവാങ്ങി.
തുടർന്ന് നാടോടി സ്ത്രീ ഓടി രക്ഷപ്പെട്ടു. ഉടനെ പോലീസിൽ വിവരം അറിയിച്ചെങ്കിലും സംഘത്തെ കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ കൃഷ്ണയുടെ കഴുത്തിനും കാലിലും പരിക്കേറ്റിട്ടുണ്ട്.