പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ പല ഉന്നതരും ഡ്യൂട്ടി സമയത്ത് മുങ്ങുന്നതായി വിജിലൻസിൽ പരാതി. ആഴ്ചയിൽ രണ്ട് തവണ കണ്ണൂർ വിമാനത്താവളം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ഒരു ഉന്നതൻ സർക്കാർ വാഹനം ദുരുപയോഗം ചെയ്യുന്നതായും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജിൽ നിന്ന് വിമാനത്താവളത്തിലേക്ക് ഉന്നതനെയും കൊണ്ടു പോകുന്ന ഔദ്യോഗിക വാഹനം പിറ്റേന്ന് അദ്ദേഹം തിരികെ വരുമ്പോൾ പഴയങ്ങാടി റെയിൽവെ സ്റ്റേഷനിലേക്കും ഓടുന്നുണ്ട്.
സ്വകാര്യ പ്രാക്ടീസിന് വേണ്ടിയാണ് ഇദ്ദേഹം ആഴ്ചയിൽ രണ്ട് ദിവസം ആശുപത്രിയിൽ നിന്ന് മുങ്ങുന്നതെന്നാണ് ജനകീയാരോഗ്യ വേദി കൺവീനർ എസ്.ശിവസുബ്രഹ്മണ്യൻ നൽകിയ പരാതിയിൽ പറയുന്നു. ഇത് കൂടാതെ ഒപികളിൽ നിന്നും ഡോക്ടർമാർ വ്യാപകമായി മുങ്ങി നടക്കുന്നതായും പരാതിയിൽ പറയുന്നു.
കാഷ്വാലിറ്റികളുടെ ചുമതല അസോസിയേറ്റ് പ്രഫസർമാർക്കാണെങ്കിലും ഒരിക്കൽ പോലും അവർ ഡ്യൂട്ടി നോക്കാറില്ലെന്നും വാട്സ് ആപ്പ് വഴിയാണ് അത്യാവശ്യ കേസുകളിൽ ചികിത്സാ നിർദ്ദേശം നൽകുന്നതെന്നും പരാതിയുണ്ട്. സർക്കാർ ഏറ്റെടുത്ത ശേഷം നൂറുകണക്കിന് രോഗികളാണ് ഒപികളിലേക്ക് അധികമായി എത്തുന്നത്.ജൂണിയർ ഡോക്ടർമാരാണ് ഭൂരിഭാഗം ഒ പികളിലും രോഗികളെ പരിശോധിക്കുന്നത്.