കണ്ണൂർ: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ കർശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം. ഇന്നലെ രാത്രി മുതൽ കണ്ണൂർ ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി. ഇന്നു രാവിലെയും പരിശോധന തുടരുകയാണ്.
കണ്ണൂരിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പരിശോധന നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. അനാവശ്യമായി ചുറ്റിക്കറങ്ങുന്ന ഇതരസംസ്ഥാനക്കാരെയടക്കം പോലീസ് താക്കീത് നല്കി തിരികെ അയക്കുന്നുണ്ട്. നഗരത്തിൽ വരേണ്ട ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമേ നഗരത്തിൽ പ്രവേശിപ്പിക്കുന്നുള്ളൂ.
കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ മുതൽ കണ്ണൂർ നഗരത്തിൽ വാഹനപരിശോധന നടത്തി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും എന്നാൽ പൊതുജനങ്ങൾക്ക് അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാമെന്നും പോലീസ് അറിയിച്ചു.
സർക്കാർ സ്ഥാപനങ്ങളിലെയും മറ്റ് അവശ്യ സർവീസുകളിലെയും മാധ്യമ പ്രവർത്തകരുടെയും വാഹനങ്ങൾ മാത്രമാണ് കണ്ണൂർ നഗരത്തിലേക്ക് കടത്തി വിടുന്നത്. മെഡിക്കൽ ഷോപ്പുകളും അവശ്യസാധനങ്ങൾ വില്ക്കുന്ന കടകളുമാണ് തുറന്നിരിക്കുന്നത്.ഹോട്ടലുകൾ ഒന്നും പ്രവർത്തിക്കുന്നില്ല.
ഇന്നു രാവിലെ കണ്ണൂർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. പോലീസ് കണ്ണൂരിലെ എല്ലാ ജംഗ്ഷനിലും നിലയുറപ്പിച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറവാണ്.
ബാറുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും വിദേശ മദ്യഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കള്ളുഷാപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ബസ് ഗതാഗതം പൂർണമായും നിലച്ചതോടെ നഗരത്തിൽ ആളുകൾ കുറവാണ്.
കൂടുതൽ വാഹനം നിരത്തിലിറങ്ങിയാൽ ബലപ്രയോഗം വേണ്ടിവരും: എസ്പി
“കൊറോണ വ്യാപനത്തിന്റെ ഗൗരവം ജനങ്ങൾക്ക് മനസിലായിട്ടില്ല. സ്വകാര്യവാഹനത്തിൽ വ്യാപകമായി ജനങ്ങൾ ടൗണിലേക്ക് ഇറങ്ങുകയാണ്. ഇപ്പോൾ പോലീസ് മാന്യമായിട്ട് പെരുമാറുന്നത്. കൂടുതൽ ആളുകൾ വാഹനവുമായി നഗരത്തിൽ എത്തിയാൽ ബലപ്രയോഗം വേണ്ടിവരുന്നമെന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവി രാഷ്ട്രദീപികയോട് പറഞ്ഞു”