മയ്യിൽ: കയരളം മേച്ചേരിയിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന കെ. ശശിധരൻ (51) മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറായ ഭാര്യാ സഹോദരൻ അറസ്റ്റിൽ.
മേച്ചേരിയിലെ പാപ്പിഞ്ചേരി ഷിബിരാജി (40) നെയാണ് കൊലക്കുറ്റത്തിന് മയ്യിൽ സിഐ ഷാജി പട്ടേരി, എസ്ഐ വി.ആർ. വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നുരാവിലെ മയ്യിൽ ടൗണിൽ വച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അബോധാവസ്ഥയിലായ ശശിധരനെ ഷിബിരാജിന്റെ നേതൃത്വത്തിൽ ബന്ധുക്കൾ തന്നെയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇയാൾ ഇന്നലെ രാത്രിയാണ് മരിച്ചത്.
വീണ് പരിക്കേറ്റതാണെന്നാണ് ബന്ധുക്കൾ ആശുപത്രിയിലും നാട്ടുകാരോടും പറഞ്ഞിരുന്നത്. ചെമ്പേരിയിൽ താമസിക്കുന്ന ശശിധരന്റെ മകൾ സ്നേഹയാണ് മർദ്ദനമേറ്റതാണെന്ന് കാണിച്ച് ഇന്നലെ മയ്യിൽ പോലീസിൽ പരാതി നൽകിയത്.
സംഭവ സമയത്ത് ശശിധരനും ഭാര്യ സിന്ധുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചെമ്പേരി സ്വദേശിയായ ശശിധരൻ വർഷങ്ങളായി മേച്ചേരിയിലാണ് താമസം.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടോടെ കണ്ടക്കൈയിലെ മയ്യിൽ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.
കാവുക്കാട്ട് ഭാസ്കരൻ നായർ-മീനാക്ഷി ദമ്പതികളുടെ മകനാണ്. മകൻ: ഷജിൽ. സഹോദരങ്ങൾ: ശാരദ, രാമചന്ദ്രൻ, സാവിത്രി, സുമിത്ര, രമേശൻ, ദീപ.
ഷിബിരാജിനെ (40) മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കൂടുതൽ പ്രതികളുണ്ടെന്ന ആരോപണവുമായി നാട്ടുകാർ. സംഭവ സമയത്ത് ഇവിടെയുണ്ടായിരുന്ന ബന്ധുവായ ഒരാളെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്.
സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്നാണ് പോലീസ് പറയുന്നു.