കണ്ണൂര്‍: സര്‍ക്കാര്‍ കുട്ടികള്‍ക്കു പ്രഖ്യാപിച്ച സൗജന്യ പഠനസഹായം കൊറോണയുടെ പശ്ചാത്തലത്തില്‍ നന്ദിപൂര്‍വം നിരസിച്ച് രക്ഷിതാക്കള്‍.
കൊറോണയെ തുടര്‍ന്നു സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍ സഹായം ചെയ്യുന്നതിന്റെ ഭാഗമായാണ് മകളായ ശിശിര ബാബുവിനുള്ള സര്‍ക്കാര്‍ പഠനസഹായം തത്കാലം വേണ്ടെന്നുവച്ചതെന്ന് അഴീക്കോട് കൊട്ടാരത്തുംപാറയിലെ ബാബു ചോറോന്‍- കെ. പ്രജിത ദമ്പതികള്‍ പറഞ്ഞു.
ദീര്‍ഘകാലം സൗദി അറേബ്യയില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു ബാബു. കോല്‍ക്കൊത്തയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മകള്‍ ശിശിര ബാബു.
അഞ്ചുവര്‍ഷത്തെ ബിഎസ്എംഎസ് കോഴ്സിന് ഒരു വര്‍ഷം മുമ്പാണ് എന്‍ട്രൻസ് പരീക്ഷയിലൂടെ പ്രവേശനം ലഭിച്ചത്. പഠനച്ചെലവും ജീവിതച്ചെലവും അടക്കം കേരള സര്‍ക്കാര്‍ നല്കുന്ന സ്കോളര്‍ഷിപ്പാണ് ഇക്കുറി ശിശിര വേണ്ടെന്നുവച്ചത്.
ഏകദേശം ഒരു ലക്ഷത്തിലധികം രൂപ ഒരു സെമസ്റ്ററില്‍ ലഭിക്കും. ഒഇസി വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് കേരള സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യമാണ് ഈ സ്കോളര്‍ഷിപ്പ്.
മകളുടെ പഠനത്തിന്നു തന്റെ ജോലിയില്‍ നിന്നു ലഭിച്ച ശമ്പളത്തുക ഉപയോഗിക്കാന്‍ സാധിക്കുമെന്നും സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ കേരള സര്‍ക്കാര്‍ തന്റെ മകള്‍ക്ക് നല്കുന്ന സഹായം മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താനാവുമല്ലോ എന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ബാബു ചോറോന്‍ പറഞ്ഞു.
അഴീക്കോട്ടെ സാമൂഹിക പ്രവര്ത്തകന് കൂടിയായ ബാബു ചോറോന്‍ ദീര്‍ഘകാലം ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുകയില്ലാ അടുപ്പിന്റെ പ്രചാരകനായും പ്രവര്‍ത്തിച്ചിരുന്നു.