ഇരിട്ടി: കാറിലെത്തി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ എത്തിയത് വാടകക്ക് എടുത്ത കാറിൽ. ഇവർ സഞ്ചരിച്ച കാർ കൂത്തുപറമ്പ് നീര്‍വേലി സ്വദേശിയുടെതാണ്. ഇതു പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കാന് പോകുമ്പോള്‍ മട്ടന്നൂരില്‍ വെച്ചാണ് പ്രതികളെ പോലീസ് പിടികൂടുന്നത്.
അറസ്റ്റിലായ ചാവശേരി ജംഷീറ മന്‍സിലില്‍ മുനവര്‍ എന്ന അന്‍വര്‍ (33 ), നടുവനാട് കണ്ണിക്കരിയില്‍ മുഹമ്മദ് (33 ) എന്നിവരെയാണ് ഇരിട്ടി എസ് ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനും പോക്സോ നിയമപ്രകാരവുമാണ് ഇവർക്കെതിരേ കേസടുത്ത്.
ആറളം പോയി മടങ്ങുമ്പോള്‍ മദ്യപിച്ചെന്നും ഇവിടെ നിന്ന് വരുമ്പോള്‍ മദ്യലഹരിയിലാണ് കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതെന്നുമാണ് പ്രതികള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇത് പോലീസ് മുഖവിലക്കെടുത്തിട്ടില്ല. പായം വട്ട്യറയിലെ എരുമത്തടത്ത് വെച്ചാണ് കഴിഞ്ഞ 11 ന് വൈകുന്നേരം അഞ്ചോടെ കാറിലെത്തിയ സംഘം എട്ടാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികള്‍ എരുമത്തടത്തിലെ വീട്ടിലേക്ക് നടന്നു പോകവേ വാഗണാര്‍ കാറിലെത്തിയ സംഘം ഇവരോട് വഴി ചോദിക്കുകയും തുടര്‍ന്ന് മുന്നോട്ട് പോയ കാര്‍ തിരിച്ചെത്തി എട്ടാം ക്ലാസുകാരിയെ കഴുത്തില്‍ പിടിച്ച് മര്‍ദ്ദിക്കുകയും കാറിലേക്ക് വലിച്ചു കയറ്റുവാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് സമീപ വാസി ഓടിയെത്തുന്നത് കണ്ട സംഘം ശ്രമം ഉപേക്ഷിച്ച് കാര്‍ അതിവേഗം ഓടിച്ച് പോവുകയുമായിരുന്നു.
ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തില്‍ എസ്ഐ ദിനേശന് കൊതേരി അടങ്ങുന്ന പോലീസ് സംഘം നടത്തിയ പഴുതടച്ചുള്ള അന്വേഷണമാണ് രണ്ടുപേരുടെ അറസ്റ്റിലേക്ക് എത്തിച്ചത്.