പഴയങ്ങാടി: പുതിയങ്ങാടി പ്രദേശത്തുകാരെ മുൾമുനയിലാക്കി സിനിമയെ വെല്ലുന്ന രീതിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു മൂന്നു കോടി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗൾഫിൽ നിന്ന് രണ്ട് മാസം മുന്പ് നാട്ടിൽ വന്ന പുതിയങ്ങാടി ബീച്ച് റോഡിൽ രിഫായി പള്ളിക്ക് സമീപത്തെ മണ്ടൂർ ഹൗസിൽ എം.മുഹമ്മദ് അസ്ലമി (32) നെയാണ് തട്ടി കൊണ്ട് പോയി മർദിച്ച ശേഷം എട്ടംഗ സംഘം മൂന്നു കോടി മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നത്.
വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ബുള്ളറ്റ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അസ്ലമിനെ തട്ടിക്കൊണ്ടു പോയത്. കോഴിക്കോട് രജിസ്ട്രേഷനിലുള്ള രണ്ട് ചുവന്ന മാരുതി സ്വിഫ്റ്റ് കാറുകളിലായി എത്തിയവരാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചത്.
കോഴിക്കോട് അമ്പലക്കണ്ടി കാരകുന്നിലെ രഹസ്യ കേന്ദ്രത്തിൽ തടങ്കലിൽ വെക്കുകയും കൈകാലുകൾ കെട്ടിയിട്ട് മർദിച്ച ശേഷം ഭാര്യ വീട്ടിലേക്ക് വിളിച്ച് യുവാവിനെ വിട്ടു കിട്ടാൻ മൂന്നു കോടി ആവശ്യപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടു പോകൽ സംഘത്തിന്റെ നായകൻ സാബു വർഗീസ് എന്നയാളുടെ ഫോണിൽ നിന്നാണ് വിളിച്ചത്.
ഫോണിന്റെ ലൊക്കേഷൻ പോലീസ് പിന്തുടരുന്നുണ്ടെന്നു മനസിലാക്കിയ സംഘം യുവാവിനെ വാഹനത്തിൽ കയറ്റി കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
തട്ടിക്കൊണ്ടു പോയ സംഘത്തിലെ മുഖ്യ പ്രതി സാബുവിനെയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പഴയങ്ങാടി എസ്ഐ കെ. ഷാജുവിന്റെറ നേതൃത്വത്തിലുള്ള സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ അതിസാഹസികമായി പിടികൂടുകയായിരുന്നു.
അസ്ലമിന്റെ ബുള്ളറ്റ് പഴയങ്ങാടി ബീച്ച് റോഡിനു സമീപത്തു നിന്നും പോലീസ് കണ്ടെടുത്തു. മർദനത്തിൽ പരിക്കേറ്റ അസ്ലത്തെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിക്കുകയാണ്. ഏഴു പേരെയും ഒരു കാറും കൂടി പിടികൂടാനുണ്ടെന്ന് കേസന്വേഷിക്കുന്ന പഴയങ്ങാടി സിഐ എം. രാജേഷ് പറഞ്ഞു.