ശ്രീകണ്ഠപുരം: കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങുകൾ കർഷകരുടെ ഉറക്കം കെടുത്തുന്നു. ഇരിക്കൂർ, വളവുപാലം, പട്ടീൽ പ്രദേശങ്ങളിലാണ് കുരങ്ങു ശല്യം രൂക്ഷമായിട്ടുള്ളത്. കരിക്ക്, വാഴക്കുല, പുളി, പപ്പായ, കൈതച്ചക്ക, പച്ചക്കറികൾ തുടങ്ങിയവയാണ് കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നത്. പല കാർഷിക വിളകളും മൂപ്പെത്തും മുമ്പേ ഇവ പറിച്ചെറിയുകയാണ്.
നാളികേര കർഷകരാണ് കുരങ്ങുകളുടെ അക്രമത്തിനിരയാകുന്നതിൽ ഏറെയും. രാപ്പകൽ ഭേദമില്ലാതെ തെങ്ങിൻ തോപ്പുകളിൽ അലഞ്ഞ് തിരിയുന്ന കുരങ്ങുകൾ ചെറുതും വലുതുമായ തെങ്ങുകളിൽ കൂട്ടം കൂടിയെത്തി ഇളനീരുകളും മൂപ്പെത്തിയ തേങ്ങകളും ഉൾപ്പെടെയാണ് നശിപ്പിക്കുന്നത്.
പല തെങ്ങുകളുടെയും വിരിയാറായ കൂമ്പുകൾ വരെ നശിപ്പിച്ചിട്ടുണ്ട്. തെങ്ങുകൾക്ക് വളപ്രയോഗം നടത്തിയവരും ജലസേചനം നടത്തുന്നവരുമെല്ലാം ആദായം ലഭിക്കാതെ നെട്ടോട്ടമോടുകയാണ്. മണ്ഡരി രോഗം ബാധിച്ചതോടെ തേങ്ങകൾ കിട്ടുന്നത് കുറഞ്ഞിരുന്നെങ്കിലും തെങ്ങിൻ തോട്ടങ്ങൾ കുരങ്ങുകൾ താവളമാക്കിയതോടെ തേങ്ങ കണികാണാൻ പോലും കിട്ടാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
വീടുകൾക്ക് നേരെയും ഇവയുടെ അക്രമമുണ്ടാകുന്നുണ്ട്. ഓടുമേഞ്ഞ വീടുകളിലെ ഓടുകൾ നശിപ്പിക്കുന്നത് പതിവാണ്. പലരും മഴക്കാലത്ത് വീടിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയാണ് കഴിയുന്നത്. കുരങ്ങുകളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി തവണ വനം വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. കൃഷിയിൽ നിന്ന് ഉപജീവനം കണ്ടെത്തുന്ന പലരും തങ്ങളുടെ ദുരിതം ഇനി ആരോടു പറയണമെന്നറിയാത്ത അവസ്ഥയിലാണ്.