പയ്യന്നൂര്‍: ടിക്കറ്റ് പരിശോധകന് നേരെ അക്രമമുണ്ടായ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിടി സ്ക്വാഡിന്റെ കര്‍ശന പരിശോധന. ഇതോടെ നട്ടം തിരിഞ്ഞത് പരിസരവാസികളായ നാട്ടുകാര്‍. കണ്ടങ്കാളി, കാനം, സുരഭി നഗര്‍ എന്നിവിടങ്ങളിലുള്ളവര്‍ റെയില്‍വേ സ്റ്റേഷനിലൂടെ കടന്നാണ് കൊറ്റി ബസ്റ്റോപ്പിലും തിരിച്ചും പൊയ്ക്കൊണ്ടിരുന്നത്.
മറ്റ് പല സ്റ്റേഷനുകളിലും ജനങ്ങള്‍ക്ക് സ്റ്റേഷനിലിറങ്ങാതെ പുറത്തെ റോഡിലെത്താന്‍ ഫുട്ഓവര്‍ ബ്രിഡ്ജുകളുണ്ടെങ്കിലും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അത്തരം സൗകര്യമില്ല.സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ളവര്‍ക്ക് ടിക്കറ്റെടുക്കണമെങ്കിലും പ്ലാറ്റ്ഫോമുകള് കടന്നുവേണം ടിക്കറ്റ് കൗണ്ടറിലെത്താന്‍.
ഇതിനിടയിലെ ടിക്കറ്റ് പരിശോധനയിലാണ് നാട്ടുകാര്‍ നട്ടം തിരിഞ്ഞ് പിഴയൊടുക്കേണ്ടി വന്നത്.ഇത് വാക്കേറ്റത്തിനും ഇടയാക്കുന്നുണ്ട്.രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ടിക്കറ്റ് കൗണ്ടര്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.അതിനിടെ സ്റ്റേഷനിലെ ഇന്‍ഫോര്‍മേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനവും റെയില്‍വേ പരിമിതപ്പെടുത്തി.
രാത്രി 10 മുതല്‍ രാവിലെ ആറുവരെ ഇന്‍ഫോര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കില്ല.പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുഖം മിനുക്കാനാവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും എ ക്ലാസ് സ്റ്റേഷനുകള്ക്കാവശ്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ചെന്നൈ ഇലക്ട്രിക്കല്‍ ലോക്കോ ഷെഡ് ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ എസ്.കെ. നടരാജന് ഉറപ്പ് നല്കി ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്‍ഫോര്‍മേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കിയത്.