കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ച ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു. റെനീഷ്, അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ് കൊലപാതകം നടത്തിയത്. സംഘത്തിലെ രണ്ടുപേർ പോലീസ് കസ്റ്റഡിയിലായെന്നും സൂചനയുണ്ട്. മുഴുവൻ പ്രതികളെയും ഉടൻതന്നെ അറസ്റ്റ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സിസിടിവി കാമറ ദൃശ്യങ്ങളും, സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണ് ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. കൊലയാളികൾ സഞ്ചരിച്ചതെന്നു കരുതുന്ന കാർ പോലീസ് കണ്ടെത്തിയിരുന്നു. രാമന്തളി സ്വദേശിയുടേതാണ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാറെന്നാണ് വിവരം. കാർ കൊല്ലപ്പെട്ട ബിജു സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.
ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവാണ് കഴിഞ്ഞദിവസം അക്രമികളുടെ വെട്ടേറ്റു കൊല്ലപ്പെട്ടത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽനിന്നു ബൈക്കിൽ വരികയായിരുന്ന ബിജുവും സുഹൃത്ത് രാജേഷും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി ബിജുവിനെ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന ഏഴുപേരിൽ നാലു പേരാണു ബിജുവിനെ ആക്രമിച്ചതെന്നാണു മൊഴി.
മറ്റൊരാൾ കൂടെയുണ്ടായിരുന്ന രാജേഷിനെ ഭയപ്പെടുത്തി ഓടിച്ചു. മറ്റു രണ്ടുപേർ കാറിൽ തന്നെ ഇരിക്കുകയായിരുന്നു. ഇതിലൊരാൾ താൻ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലാക്കിയതോടെ മുഖം തുണികൊണ്ടു മറച്ചതായി രാജേഷ് മൊഴി നൽകിയിട്ടുണ്ട്.