ശ്രീകണ്ഠപുരം: പടിയൂരിൽ വ്യാപക അക്രമം. ഒമ്പത് ചെങ്കൽ ലോറികളും എടിഎം, അക്ഷയ കേന്ദ്രവും, വായനശാലയും അടിച്ചു തകർത്തു. പടിയൂർ ടൗണിലെ ഗ്രാമീണ ബാങ്കിന്റെ എടിഎം കൗണ്ടർ, പടിയൂരിലെ സി. രമേശന്റെ ഉടമസ്ഥതയിലുള്ള അക്ഷയ കേന്ദ്രം, പടിയൂർ പൊതുജന വായനശാല എന്നിവയുടെ ഗ്ലാസുകളാണ് തകർത്തത്.
ഇവിടുന്ന് 500 മീറ്റർ അകലെ പുലിക്കാട് ടൗണിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഒമ്പത് ചെങ്കൽ ലോറികളും തകർത്തു. പടിയൂർ സ്വദേശികളായ പ്രകാശൻ, അജേഷ്, സന്തോഷ്, രജീഷ്, വിനോദ്, രാജീവൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ലോറികളാണ് തകർത്തത്.
വിവിധ സ്ഥലങ്ങളിലേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറികൾ രാത്രി ഇവിടെ നിർത്തിയിട്ടതായിരുന്നു. പുലർച്ചെ ഡ്രൈവർമാർ ലോറി എടുക്കാനെത്തിയപ്പോഴാണ് അക്രമം നടന്നതായി അറിഞ്ഞത്. എല്ലാ ലോറികളുടെയും ഗ്ലാസുകൾ പൂർണമായും തകർത്ത നിലയിലാണ്.
വിവരമറിഞ്ഞ് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പുലിക്കാട് റോഡരികിലെ വീട്ടിലെ സിസിടിവി പോലീസ് പരിശോധിച്ചപ്പോൾ അർധരാത്രിയോടെ ഒരാൾ നടന്ന് പോകുന്നതായി കണ്ടെത്തിയെങ്കിലും ദൃശ്യം വ്യക്തമാകാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഗ്രാമീണ ബാങ്കിന്റെ എടിഎം കൗണ്ടറിലെ സിസിടിവി പരിശോധനയിലൂടെ അക്രമിയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.